ബിൽ പ്രകാരം അളവിലും തൂക്കത്തിലും റേഷൻ കിട്ടുന്നുണ്ടോ?..പുതിയ തീരുമാനവുമായി….

റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പുറത്തിറങ്ങുന്ന ഗുണഭോക്താക്കളുടെ സഞ്ചി പരിശോധിക്കാനും ഭവനസന്ദർശനം നടത്തി റേഷൻ സാധനങ്ങൾ കിട്ടുന്നുണ്ടോയെന്ന് ഉറപ്പാക്കാനും ഭക്ഷ്യപൊതുവിതരണ വകുപ്പ് രംഗത്ത്. കടയിൽനിന്ന് അരിയും മറ്റു സാധനങ്ങളും വാങ്ങി പുറത്തിറങ്ങുമ്പോൾ ബിൽ പ്രകാരമുള്ള അളവും തൂക്കവും ഉണ്ടോ എന്നു ‘റാൻഡം’ ആയി പരിശോധിക്കാനാണ് ഭക്ഷ്യപൊതുവിതരണ കമ്മിഷണറുടെ നിർദേശം.

താലൂക്ക് സപ്ലൈ ഓഫിസർ (ടിഎസ്ഒ), റേഷനിങ് ഓഫിസർ (ആർഒ), റേഷനിങ് ഇൻസ്പെക്ടർ (ആർഐ) എന്നിവർ പ്രതിമാസം കുറഞ്ഞത് 5 കടകളിലെങ്കിലും പരിശോധന നടത്തി ജില്ലാ സപ്ലൈ ഓഫിസർമാർക്കു റിപ്പോർട്ട് നൽകണം. ഇത്തരം റിപ്പോർട്ടുകൾ എല്ലാ മാസവും ലഭിക്കുന്നുണ്ടോ എന്ന് ഡപ്യൂട്ടി കൺട്രോൾ ഓഫ് റേഷനിങ്  ഉറപ്പാക്കണം. വിജിലൻസ് ആവശ്യപ്പെട്ടതു പ്രകാരമാണു നിർദേശമെന്ന് കമ്മിഷണറുടെ ഉത്തരവിൽ വ്യക്തമാക്കി.

അതേസമയം, ഗുണഭോക്താക്കളുടെ തെരുവിലും വീട്ടിലുമുള്ള പരിശോധന അംഗീകരിക്കാനാകില്ലെന്നും കാർഡ് ഉടമകൾ പരസ്പരം ഭക്ഷ്യധാന്യം കൈമാറിയാൽ അതിന്റെ ബാധ്യത റേഷൻ വ്യാപാരികൾക്ക് ഏറ്റെടുക്കാനാകില്ലെന്നും വ്യക്തമാക്കി വ്യാപാരി സംഘടനകൾ രംഗത്തെത്തി. അപഹാസ്യമായ പരിശോധനാ നിർദേശമാണ് ഇതെന്ന് ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി.

Related Articles

Back to top button