അരനൂറ്റാണ്ടിന് ശേഷം വിരിഞ്ഞ അപൂർവ കുറിഞ്ഞി; ഗവേഷകർ ആവേശത്തിൽ

അരനൂറ്റാണ്ടോളം കാണാതായിരുന്ന അപൂർവ ഇനം കുറിഞ്ഞി വീണ്ടും കണ്ടെത്തി. 50 വർഷത്തിന് ശേഷം അതിന്റെ നീല നിറമുള്ള വിരിവുകളുമായി മലനിരകളിൽ കുറിഞ്ഞി പ്രത്യക്ഷപ്പെട്ടത് ഗവേഷകരെ അത്ഭുതപ്പെടുത്തി.

തൃശൂർ കാർമൽ കോളജിലെ ഡോ. സിൻജുമോൾ തോമസ്, പാലാ സെന്റ് തോമസ് കോളജിലെ ഡോ. ബിൻസ് മാണി, കുറിഞ്ഞി ഗവേഷകനും ഫോട്ടോഗ്രഫറുമായ എ.കെ. പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് ഈ അതുല്യ കണ്ടുപിടിത്തത്തിന് പിന്നിൽ.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1600 മീറ്റർ ഉയരത്തിലുള്ള പശ്ചിമഘട്ടത്തിന്റെ ഭാഗമായ അഗസ്ത്യമല ജൈവസങ്കേതത്തിലെ പൊതിഗമല ചരിവിലെ പുൽമേടുകളാണ് ഈ അത്യപൂർവ സസ്യം വളർന്നിരുന്നത്. 10 വർഷത്തിൽ ഒരിക്കൽ മാത്രം പൂവിടുന്ന ലോകത്തിലെ അപൂർവ ഇനങ്ങളിലൊന്നാണ് സ്ട്രൊബിലാന്തസ് പൊതിഗെൻസിസ് എന്ന ഈ കുറിഞ്ഞി

1973-ൽ ഗവേഷകനായ ജെ. ജോസഫ് ആദ്യം ഈ ഇനം കണ്ടെത്തിയിരുന്നു. എന്നാൽ അതിനുശേഷം വംശനാശം സംഭവിച്ചു എന്ന് കരുതപ്പെടുകയായിരുന്നു. പിന്നീട് വിസ്മൃതിയിലായി. ഫെഡ്സ് റെപ്പർട്ടോറിയം എന്ന ഗവേഷണ മാസികയിലാണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കാലാവസ്ഥാ മാറ്റങ്ങളുടെയും പരിസ്ഥിതി വ്യതിയാനങ്ങളുടെയും പശ്ചാത്തലത്തിൽ ഈ ഇനം വീണ്ടും വിരിയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഈ വർഷം അനുകൂലമായ മഴയും താപനിലയും ലഭിച്ചതോടെ കുറിഞ്ഞി വീണ്ടും മൊട്ടിട്ടു വിരിഞ്ഞതായി ഗവേഷകർ വ്യക്തമാക്കി. അരനൂറ്റാണ്ടിന് ശേഷം ഈ ഇനം വീണ്ടും വിരിഞ്ഞത് മലനിരകളിലെ പരിസ്ഥിതി പുനരുജ്ജീവനത്തിന്റെ സൂചനയാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

Related Articles

Back to top button