ലഹരി ഉപയോഗവും മദ്യപാനവും ശരിയല്ല…ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ വേടൻ…
ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ലെന്ന് റാപ്പര്‍ വേടന്‍. തിരുത്താനുള്ള ശ്രമത്തിലാണ് താന്‍. തന്നെ കേള്‍ക്കുന്നവര്‍ ഈ വഴി സ്വീകരിക്കരുതെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വേടൻ എന്ന ഹിരൺ ദാസ് മുരളിയുടെ പ്രതികരണം. വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും പ്രതീക്ഷയുള്ള കലാകാരനാണ് വേടനെന്നും അദ്ദേഹം പറഞ്ഞു. തിരുത്തല്‍ വരുത്തി തിരികെ വരണമെന്നും വനം വകുപ്പ് വേടന്റെ ഒപ്പമുണ്ടാകുമെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
പുലിപ്പല്ല് കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. വനംവകുപ്പിന്റെ വാദങ്ങള്‍ വിലക്കെടുക്കാതെയായിരുന്നു കോടതിയുടെ വിധി. വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം.



