രാഹുൽ വിഷയം പരാമർശിക്കാതെ മുഖ്യമന്ത്രി, പ്രസംഗം സർക്കാർ നേട്ടങ്ങളിൽ ഒതുക്കി; പിരിഞ്ഞത് മുകേഷിന് കൈ നൽകി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കോടതി വിധിയ്ക്കും കോൺഗ്രസ് നടപടിക്കും പിന്നാലെ നടന്ന ആദ്യ പൊതുപരിപാടിയിൽ വിഷയം പരാമർശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം കോർപ്പറേഷനിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി സർക്കാരിന്റെ നേട്ടങ്ങളിലും ഇടതുമുന്നണിയുടെ പ്രവർത്തനങ്ങളിലും പ്രസംഗം ഒതുക്കി. ഉദ്ഘാടന ശേഷം വേദിയിൽ ഉണ്ടായിരുന്ന എം മുകേഷ് എംഎൽഎയ്ക്ക് കൈ കൊടുത്താണ് മുഖ്യമന്ത്രി മടങ്ങിയത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയ്ക്ക് പിന്നാലെ മുകേഷിനെതിരായ ലൈംഗികാതിക്രമ കേസ് സമൂഹമാധ്യമങ്ങളിൽ അടക്കം കോൺഗ്രസ് നേതാക്കൾ വീണ്ടും ചർച്ചയാക്കുകയാണ്. മുകേഷിനെതിരെ സിപിഎം എന്ത് നടപടി സ്വീകരിച്ചെന്നാണ് ചോദ്യം. മുകേഷ് അന്നും ഇന്നും പാർട്ടി മെമ്പറല്ലെന്നും മുകേഷിനെതിരെ സംഘടനാ നടപടി എടുക്കാൻ മുകേഷ് സംഘടനയിലില്ല. മുകേഷിനെതിരെ പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേസിൽ തുടർനടപടി വരുമ്പോൾ നോക്കാം എന്നും എംവി ഗോവിന്ദൻ പറഞ്ഞു.




