‘4000 പേരുടെ ഭക്ഷണം കുഴിച്ചുമൂടേണ്ടി വന്നു, അയ്യപ്പസംഗമത്തിന്റെ സ്‌പോൺസർമാർ ആര്?

ആഗോള അയ്യപ്പസംഗമത്തിന് ചെലവായ തുകയുടെ വിശദാംശങ്ങൾ ഉടൻ പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല. ഒരു ദിവസത്തെ പരിപാടിക്ക് എട്ടുകോടി രൂപ ചെലവായതിന്റെ ലോജിക് പിടി കിട്ടുന്നില്ലെന്നും കമ്മീഷൻ കൂടി ചേർത്ത തുകയാണ് ഈ എട്ടുകോടിയെന്നും അദ്ദേഹം ആരോപിച്ചു. ഏതൊക്കെ ഇനത്തിലാണ് പണം ചെലവാക്കിയത് എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.

വിദേശത്തു നിന്നും വൻതോതിൽ പ്രതിനിധികൾ എത്തുമെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം. എന്നാൽ കാര്യമായി ആരും എത്തിയില്ല. നാലായിരം അതിഥികൾക്കുണ്ടാക്കിയ ഭക്ഷണം പോലും വെട്ടി മൂടേണ്ടി വന്നു. എല്ലാ ഫണ്ടിലും കയ്യിട്ടു വാരാൻ കേരളത്തിലെ വിശ്വാസി സമൂഹം അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

അയ്യപ്പസംഗമത്തിന്റെ ചെലവ് സ്പോൺസർമാരിൽ നിന്നും കണ്ടെത്തുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ സ്പോൺസർമാരിൽ നിന്ന് എത്ര തുക കിട്ടിയെന്നും ഏതൊക്കെ സ്പോൺസർമാരാണ് പണം നൽകിയതെന്നും വ്യക്തമാക്കണം. പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നൽകിയ സ്പോൺസർമാർ ആരാണെന്നും അദ്ദേഹം ചോദിച്ചു. ഇതുവരെ നാലു കോടിയോളം രൂപ ബിൽ ഇനത്തിൽ മാറിയിട്ടുണ്ട്. ഇതെല്ലാം ദേവസ്വം ബോർഡിന്റെ വർക്കിങ് ഫണ്ടിൽ നിന്നാണ് പോയിരിക്കുന്നത്. വിശ്വാസികളുടെ കാണിക്കയാണ് ദേവസ്വം ബോർഡിന്റെ വരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button