സെലക്ട് കമ്മിറ്റിക്ക് വിട്ടില്ല; വി ബി-ജി റാം ജി ബില്‍ രാജ്യസഭ പാസാക്കി

കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വി ബി-ജി റാം ജി ബില്‍ രാജ്യസഭ പാസാക്കി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ബില്‍ ശബ്ദവോട്ടോടെ രാജ്യസഭയിലും പാസാക്കിയത്. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. അര്‍ധരാത്രിയാണ് ബില്‍ സഭയില്‍ പാസാക്കിയത്. സഭയ്ക്ക് പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു. ഇന്നലെ പ്രതിപക്ഷപ്രതിഷേധം മറികടന്ന് ബില്‍ ലോക്‌സഭയിലും പാസാക്കിയിരുന്നു.
സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയമാണിതെന്നും ജനങ്ങളെ പിച്ചക്കാരക്കാനാണ് ബില്‍ എന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുമെന്നും ബില്‍ സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവരുമെന്നും ഖര്‍ഗെ പറഞ്ഞു. പ്രതിഷേധത്തിനിടെ ട്രഷറി ബെഞ്ചിന് നേരെ പ്രതിപക്ഷ അംഗങ്ങള്‍ നീങ്ങിയതോടെ സഭ അധ്യക്ഷന്‍ അതൃപ്തി വ്യക്തമാക്കി. ബില്‍ പാസാക്കിയതോടെ ഭരണപക്ഷം ജയ്ശ്രീറാം വിളിച്ചു.




