ബാഗേജ് പരിശോധനയിൽ സംശയം.. കണ്ടെത്തിയത് കഞ്ചാവോ മയക്കുമരുന്നോ അല്ല.. അതും പല നിറത്തിൽ പല ഇനത്തിൽ ഉള്ളവ…
വിമാനത്താവളത്തിലെ ബാഗേജ് പരിശോധനയിൽ ഈ വട്ടം കസ്റ്റംസ് പിടിച്ചത് കഞ്ചാവോ മയക്കുമരുന്നോ അല്ല. അതിലും വിഷം കൂടിയ ഒരിനത്തിനെയാണ്. തായ്‍ലൻഡിൽ നിന്ന് മുംബൈയിലേക്ക് പറന്ന യാത്രക്കാരൻറെ ബാഗേജിൽ നിന്ന് കണ്ടെത്തിയത് വിഷപ്പാമ്പുകളെ. അതും പല നിറത്തിൽ പല ഇനത്തിൽ ഉള്ളവ.
മുംബൈ വിമാനത്താവളത്തിലാണ് സംഭവം. 44 ഇന്തോനേഷ്യൻ പിറ്റ് വൈപ്പറുകളെ ചെക്ക്-ഇൻ ബാഗേജിൽ ഒളിപ്പിച്ച നിലയിലാണ് പിടികൂടിയതെന്ന് മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു. തായ്ലൻഡിൽ നിന്നെത്തിയ ഇന്ത്യക്കാരനിൽ നിന്നാണ് ഇവരെ പിടിച്ചെടുത്തത്. ഇതിന് പുറമെ മൂന്ന് സ്പൈഡർ ടെയിൽഡ് ഹോൻഡ് വൈപ്പറുകളെയും ഇയാളുടെ ബാഗേജിൽ കണ്ടെത്തി. ഇവയും വിഷമുള്ള പാമ്പുകളാണ്. അഞ്ച് ഏഷ്യൻ ഇല ആമകളെയും ഇയാൾ കടത്തി കൊണ്ട് വന്നിരുന്നു.
ഇവയെ എല്ലാം പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. പിടികൂടിയ പാമ്പുകളുടെയും ആമകളുടെയും ചിത്രങ്ങൾ കസ്റ്റംസ് പങ്കുവെച്ചിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിൽ പാമ്പുകളെ പിടികൂടുന്നത് അസാധാരണ സംഭവമാണ്.