പിന്നോട്ടില്ല.. രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബ ചിത്രവും പുഷ്പാർച്ചനയും.. നിലപാട് കടുപ്പിച്ച് രാജ്ഭവൻ…
മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയ ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് രാജ്ഭവൻ. രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബചിത്രവും പുഷ്പാർച്ചനയും നടത്താൻ നിർദേശം. ഇന്ന് പശ്ചിമബംഗാൾ രൂപീകരണ ദിനാഘോഷത്തിലും 21ന് അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിലും ചിത്രം ഉപയോഗിക്കും. രാവിലെ വിളക്ക് കൊളുത്താനും പരിപാടിക്ക് മുൻപ് പുഷ്പാർച്ചന നടത്താനുമാണ് നിർദേശം.
ഇതോടെ ഇനി രാജ്‌ഭവനിൽ സർക്കാർ പരിപാടികൾ നടക്കാനുള്ള സാധ്യതകൾ മങ്ങിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തീരുമാനത്തിൽ രാജ്ഭവൻ ഉറച്ച് നിൽക്കുകയാണ് സർക്കാരിൻ്റെ ഉദ്ഘാടന പരിപാടികളൊന്നും ഇനി ഇവിടെ നടന്നേക്കില്ല. സത്യപ്രതിജ്ഞ മാത്രമാകും രാജ്ഭവനിൽ നടക്കുക. ശിവൻകുട്ടിയുടെ പ്രോട്ടോകോൾ ലംഘനത്തിൽ രാജ്ഭവൻ കൂടുതൽ നടപടികളിലേക്ക് കടക്കില്ല. മന്ത്രിക്കെതിരായ പ്രസ്താവനയിൽ വിവാദം അവസാനിപ്പിക്കാനാണ് തീരുമാനം.
ഭാരതാംബ വിവാദത്തിൽ നിയമപരമായ നടപടികളിലേക്ക് കടക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട് എന്നാണ് സൂചന . ഇത് സംബന്ധിച്ച്ലോ സെക്രട്ടറിയോട് നിയമോപദേശം തേടിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയാണ് വിവാദത്തിൽ സർക്കാരിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ചോദിച്ചിരിക്കുന്നത്. രാജ്ഭവനിലെ പരിപാടിയിൽ എന്തൊക്കെ ചിഹ്നങ്ങൾ വെക്കണമെന്ന പ്രോട്ടോക്കോൾ ഉണ്ടോ, മന്ത്രിസഭക്ക് ഇക്കാര്യത്തിൽ ഉപദേശം നൽകാനാകുമോ എന്ന് വ്യക്തമാക്കണമെന്നാണ് നിർദേശം. മറുപടിക്ക് ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കും.