വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്രസർക്കാർ അനുമതി തേടാൻ തീരുമാനം… കേരള സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ…

മലയോര വനമേഖലയിൽ കഴിയുന്ന ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണാതെ കേരള സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ കേന്ദ്രം മുന്നോട്ടുവെക്കുന്ന പല പദ്ധതികളും സംസ്ഥാനത്ത് നടപ്പാക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്രസർക്കാർ അനുമതി തേടാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനംത്തിനെതിരെ ആയിരുന്നു പ്രതികരണം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ സ്വന്തം വീഴ്ച മറച്ചുവെച്ച് കേന്ദ്രത്തെ പതിവുപോലെ പഴി പറഞ്ഞു തടിതപ്പാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ചന്ദ്രശേഖർ പറഞ്ഞു.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്നതിന് മതിയായ പദ്ധതികളും നിർദ്ദേശങ്ങളും കേന്ദ്രം നൽകിയിട്ടുണ്ട്. ഇത് നടപ്പാക്കാത്തതാണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണം.ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ്ലൈഫ് വാർഡന് ഇപ്പോൾ തന്നെ അധികാരമുണ്ട്. കൃഷിനാശം ഉണ്ടാക്കുന്ന കാട്ടുപന്നികളുടെ കാര്യത്തിൽ ഈ അധികാരം പഞ്ചായത്ത് പ്രസിഡന്റിന് പോലും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഉണ്ടായ വീഴ്ച മറച്ചുവെക്കാനാണ് ഇപ്പോൾ ഇത്തരമൊരു നീക്കം.

ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ വൈദ്യുത വേലികളും കിടങ്ങുകളും നിർമ്മിക്കുന്നതിലും അവയുടെ പരിപാലനത്തിലും സർക്കാരിന് ഗൗരവപരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. വന്യജീവി പ്രശ്നം നേരിടുന്ന മേഖലകളിൽ ആവശ്യമായ മുൻകരുതൽ എടുക്കാനും നടപടികൾ സ്വീകരിക്കാനും ജില്ലകൾ കേന്ദ്രീകരിച്ച് പ്രത്യേക സമിതികൾ രൂപീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2021ൽ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേരളം കാര്യക്ഷമമായി ഇടപെടൽ നടത്തിയിട്ടില്ല.ഭൂരിഭാഗം ഇടത്തും സോളാർ വൈദ്യുത വേലി കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് CAG റിപ്പോർട്ടിലും പറയുന്നുണ്ട്.

കേരളത്തിലെ വനഭൂമി കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ പോലും കയ്യേറി ഉപയോഗിക്കുന്നതും വലിയ അളവിൽ വർദ്ധിച്ചിട്ടുണ്ട്. ഇതോടെയാണ് ജനവാസ മേഖലകളിലേക്ക് വന്യജീവികൾ ഇറങ്ങിത്തുടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുണ്ടായ ഇത്തരം വീഴ്ചകൾ മറച്ചുവെക്കാനാണ് ഇപ്പോൾ കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്.

ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങൾ പാമ്പുകടിയേറ്റ് മരിക്കുന്നതുപോലും വന്യജീവി ആക്രമണമായി കാണുന്നുണ്ട്. മരണപ്പെടുന്നവർക്ക് നാല് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകുന്നുമുണ്ട്.ഇത്തരം യാഥാർത്ഥ്യവും സ്വന്തം പരാജയവും മറച്ചുവെച്ച് കേന്ദ്രസർക്കാരിനെ പഴിചാരാനാണ് പതിവുപോലെ പിണറായി വിജയൻ സർക്കാരിന്റെ ശ്രമം. കേന്ദ്രസർക്കാരും ബിജെപിയും വന്യമൃഗ പ്രശ്നങ്ങളിൽ ദുരിതം നേരിടുന്ന ജനങ്ങൾക്കൊപ്പം തന്നെയാണ്.ദുരിതം അനുഭവിക്കുന്ന സാധാരണക്കാരെയും കർഷകരെയും കണ്ടില്ലെന്നു നടിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടികൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും. സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധവും ബിജെപി സംഘടിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

Related Articles

Back to top button