‘രാഹുല്‍ ഗാന്ധി ഭരണഘടന ഉയര്‍ത്തുമ്പോള്‍ പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ ആക്രമിക്കുന്നു’…
റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കോണ്‍ഗ്രസ് നടത്തുന്ന ആക്രമണത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. രാഹുല്‍ ഗാന്ധി ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ ആക്രമിക്കുന്നു എന്നാണ് രാജീവ് ചന്ദ്രശേഖര്‍ തന്റെ എക്സ് പോസ്റ്റില്‍ കുറിച്ചത്. സ്ത്രീകളാണ് നമുക്ക് പോരാടാന്‍ കഴിയും എന്ന് പ്രിയങ്കാ ഗാന്ധി പറയുമ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്ത്രീകളെ വേട്ടയാടുകയും പദവിയില്‍ തുടരുകയും ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഇതാണ് കോണ്‍ഗ്രസിലെ വ്യാജന്മാര് എന്നും രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു.
റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ ആക്രമണം കോണ്‍ഗ്രസ് എന്താണെന്ന സത്യം വെളിപ്പെടുത്തുന്നതാണ്. കോണ്‍ഗ്രസിന്റെ ഭരണഘടനയോടും അതിലെ 19-ാം വകുപ്പ് അനുശാസിക്കുന്ന അഭിപ്രായത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യത്തോടുമുള്ള നിലപാട് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
‘ആവിഷ്കാരത്തിനും അഭിപ്രായത്തിനുമുള്ള സ്വാതന്ത്ര്യത്തിന്റെ മാത്രം കാര്യമല്ല ഇത്, കോണ്‍ഗ്രസിന്റെ ഡിഎന്‍എയിലുള്ളതാണ്. ഇത്തരം സംഭവങ്ങള്‍ അവര്‍ക്ക് പുതിയ കാര്യമല്ല. ദേശീയ തലത്തിലും കേരളത്തിലും മാധ്യമങ്ങളെ അടിച്ചമര്‍ത്തിയ ചരിത്രം കോണ്‍ഗ്രസിനുണ്ട്’ രാജീവ് ചന്ദ്രശേഖര്‍ തന്റെ എക്സ് പോസ്റ്റില്‍ കുറിച്ചു.