‘ കൃത്യതയില്ലാത്ത നേതൃത്വം’.. ബിജെപി സംസ്ഥാന സെല്ലുകളുടെ ചുമതലക്കാരുടെ ഗ്രൂപ്പില്‍ രാജീവ് ചന്ദ്രശേഖറിന് രൂക്ഷ വിമർശനം..

ബിജെപി സംസ്ഥാന സെല്ലുകളുടെ ചുമതലക്കാരുടെ ഗ്രൂപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമര്‍ശനം. ബിജെപിയുടെ 20 സെല്ലുകളുടെയും സംസ്ഥാന കണ്‍വീനര്‍മാരും കോ.കണ്‍വീനര്‍മാരും അടങ്ങിയ ഗ്രൂപ്പിലാണ് വിമര്‍ശനം. പാര്‍ട്ടിയെ സംബന്ധിച്ച് ഒരു കാര്യത്തിലും കൃത്യതയില്ലാത്ത നേതൃത്വമാണ് ഇപ്പോഴുള്ളതെന്ന് അംഗങ്ങള്‍ തുറന്നടിച്ചു.

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ആറുമാസം പിന്നിട്ടിട്ടും പാര്‍ട്ടിക്ക് കീഴിലെ സെല്ലുകള്‍ പുനഃസംഘടിപ്പിച്ചില്ലെന്നാണ് വിമര്‍ശനങ്ങളുടെ കാതല്‍. ഇന്റലക്ച്ചല്‍ സെല്‍ ,കള്‍ച്ചറല്‍, പ്രൊഫഷണല്‍,ലീഗല്‍,ട്രെഡേഴ്‌സ് പരിസ്ഥിതി തുടങ്ങി ബിജെപിക്ക് കീഴിലെ 20 ഓളം സെല്ലുകളുടെ സംസ്ഥാന കണ്‍വീനര്‍മാരും കോ.കണ്‍വീനര്‍മാരും അടങ്ങിയ വാട്ട്‌സാപ്പ് ഗ്രൂപ്പിലാണ് വിമര്‍ശനം.ഈ ഗ്രൂപ്പില്‍ ഒരു വിവരവും ലഭിക്കുന്നില്ലെന്നും എന്തുകൊണ്ടാണിതെന്ന് ഓഫീസ് സെക്രട്ടറിയെങ്കിലും പറയണമെന്നും ട്രേഡേഴ്‌സ് സെല്‍ കണ്‍വീനര്‍ ശൈലേന്ദ്രനാഥ് ആവശ്യപ്പെട്ടു.

യെസ് ഓര്‍ നോ മറുപടിയെങ്കിലും തരണമെന്ന് പരിസ്ഥിതി സെല്‍ കണ്‍വീനര്‍ സിഎം ജോയ് പറഞ്ഞു. മോര്‍ച്ചകളെയും സെല്ലുകളേയും ഏകോപിപ്പിച്ച് പോകുന്നതില്‍ രാജീവ് പരാജയപ്പെട്ടെന്ന് കള്‍ച്ചറല്‍ സെല്‍ കൊ കണ്‍വീനര്‍ സുജിത്ത് സുന്ദര്‍ വിമര്‍ശിച്ചു. പാര്‍ട്ടിയെ സംബന്ധിച്ച് ഒരു കാര്യത്തിലും കൃത്യതയില്ലാത്ത നേതൃത്വമാണ് ഇപ്പോഴുള്ളത്. ഒരു തവണ പോലും അദ്ധ്യക്ഷന്‍ സെല്ലുകളുടെ കാര്യത്തില്‍ എന്താണ് നടക്കുന്നതെന്ന് അന്വേഷിച്ചിട്ടില്ല. ഇങ്ങനെ പോയാല്‍ അഞ്ചു പൈസയുടെ ഗുണമില്ലാതെ നിങ്ങള്‍ താഴേക്ക് പോവുന്ന അവസ്ഥയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖറിനെതിരെ വിമര്‍ശനം ഉയര്‍ന്നു. നേരത്തെ മീഡിയ പാനലിസ്റ്റ് ഗ്രൂപ്പിലെ ചര്‍ച്ചയും പുറത്തുവന്നിരുന്നു.

Related Articles

Back to top button