ബിജെപി പ്രവർത്തകര്‍ക്കെതിരായ ആക്രമണം നിര്‍ത്തിയില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും നേതാക്കളും വലിയ വില നൽകേണ്ടി വരും..
ദേശവിരുദ്ധത തുറന്നു കാട്ടിയതാണ് സിപിഎമ്മിന്റെ ആക്രമണങ്ങൾക്ക് കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായ പ്രതിഷേധം എന്നത് ജനാധിപത്യപരമായ പ്രതികരണ മാർഗ്ഗമാണ്. എന്നാൽ പ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെ കാണുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കീഴ്വഴക്കം. തുടർച്ചയായി പത്ത് വർഷം ലഭിച്ച ഭരണം ഒരു പാർട്ടിയെ ആകമാനം ജനാധിപത്യ വിരുദ്ധരാക്കി തീർത്തതിന്റെ കാഴ്ചകളാണ് രണ്ടു ദിവസമായി കേരളത്തിൽ കാണുന്നതെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പിൽ പറഞ്ഞു
വെറും പ്രീണന രാഷ്ട്രീയമാണ് സിപിഎമ്മിന്റെ ലക്ഷ്യം എന്ന് വ്യക്തം. യഥാർത്ഥ ദേശഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് കേരളത്തിൽ നടക്കുന്നത്. സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയതാണ് അവർ അക്രമങ്ങളിലേക്ക് തിരിയാൻ കാരണം. രണ്ട് മുന്നണികളുടെയും പ്രീണന രാഷ്ട്രീയം കേരള ജനതയക്ക് മുന്നിൽ തുറന്നുകാട്ടാൻ നിലമ്പൂർ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപിക്ക് കഴിഞ്ഞതും തെരുവിൽ അക്രമങ്ങൾ ആരംഭിക്കാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നുണ്ടെന്നു വ്യക്തം. ജനാധിപത്യത്തെ നോക്കുകുത്തിയാക്കി അക്രമരാഷ്ട്രീയം അഴിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നതെങ്കിൽ ബിജെപിയും ജനങ്ങളും അത് അംഗീകരിക്കില്ല.
പൊതു സമൂഹവും ബിജെപിയും അതിന് മറുപടി നൽകും. ഞങ്ങൾക്ക് ആരോടും ഏത് രീതിയിലും പ്രതിഷേധിക്കാം, ഞങ്ങൾക്ക് നേരെ ഒരു തരത്തിലുള്ള പ്രതിഷേധവും പാടില്ല എന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നയം. പാർട്ടി നേതാക്കൾക്കെതിരെ പ്രതിഷേധിച്ചാൽ ഗുണ്ടകളെ ഉപയോഗിച്ച് കായികമായി നേരിടുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം കാണുന്നത്. ഗവർണർക്ക് നേരെ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും പ്രതിഷേധം ആകാം, എന്നാൽ സംസ്ഥാനത്തിലെ മന്ത്രിക്ക് നേരെ പ്രതിഷേധം പാടില്ല എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സ്വേച്ഛാധിപത്യ രീതിയെയാണ് തുറന്നു കാട്ടുന്നത്