രാജാറാം മോഹന്‍ റോയ് ബ്രിട്ടീഷ് ഏജന്റ്; അധിക്ഷേപ പരാമര്‍ശവുമായി ബിജെപി മന്ത്രി

ഇന്ത്യയിലെ സാമൂഹിക പരിഷ്‌കര്‍ത്താവായ രാജറാം മോഹന്‍ റോയിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവും മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രിയുമായ ഇന്ദര്‍ സിങ് പര്‍മാര്‍. രാജാറാം മോഹന്‍ റോയ് ബ്രിട്ടീഷ് ഏജന്റാണെന്നും ഇന്ത്യന്‍ സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിച്ചെന്നും ഇന്ദര്‍ സിങ് പറഞ്ഞു. വിദ്യാഭ്യാസമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

അക്കാലത്ത് ബംഗാളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രേരണയാല്‍ മതപരിവര്‍ത്തനങ്ങളുടെ ഒരു ദുഷിച്ച കാലമായിരുന്നെന്നും രാജറാം മോഹന്‍ റോയ് ഉള്‍പ്പടെയുള്ളവരെ ബ്രിട്ടീഷ് അടിമകളായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെ പത്തൊന്‍പതാം നൂറ്റാണ്ടില്‍ പോരാടി ഗോത്രവര്‍ഗ്ഗ സ്വത്വത്തെയും സമൂഹത്തെയും സംരക്ഷിച്ചത് ബിര്‍സ മുണ്ടയാണെന്നും പര്‍മാര്‍ പറഞ്ഞു.

ബിജെപി നേതാവിന്റ പരാമര്‍ശം ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഭുപേന്ദ്ര ഗുപ്ത പറഞ്ഞു. സതി നിരോധനം ഉള്‍പ്പടെ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടിയുള്ള ദല്ലാള്‍ പണിയായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ബ്രിട്ടീഷുകാരുടെ ഏജന്റായി പ്രവര്‍ത്തിച്ചവരാണ് സാമൂഹിക പരിഷ്‌കര്‍ത്താക്കളെ കുറിച്ച് ഇത്തരം അപവാദങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും ഇദ്ദേഹം നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇന്ത്യ കണ്ടെത്തിയത് വാസ്‌കോഡ ഗാമയായിരുന്നില്ലെന്നും ചന്ദന്‍ എന്ന വ്യാപാരിയാണെന്നും നമ്മള്‍ പഠിക്കുന്നത് തെറ്റായ ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Articles

Back to top button