കലിതുള്ളി മഴ… തകർന്നത് 107 വർഷം പഴക്കമുള്ള റെക്കോർഡ്…
മഴ കനത്തതോടെ തകർന്നത് 107 വർഷം പഴക്കമുള്ള റെക്കോർഡ്. മെയ് മാസത്തിൽ ലഭിച്ച മഴയാണ് സർവകാല റെക്കോർഡ് സൃഷ്ടിക്കുന്നത്. 135 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ശക്തമായ കാറ്റിനുള്ള സാധ്യതയോടൊപ്പം ബുധനാഴ്ച വരെയെല്ലോ അലർട്ടാണ് നിലവിൽ മുംബൈയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കളാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മെയ് മാസത്തിൽ ഏറ്റവും കൂടുതൽ മഴ റെക്കോർഡ് ചെയ്തിട്ടുള്ളത് കൊളാബയിലെ മഴ മാപിനിയിലാണ്. 295 മില്ലി മീറ്റർ. 1918 മെയ് മാസത്തിലാണ് ഇതിന് മുൻപ് ഏറ്റവുമധികം മഴ ലഭിച്ചത്. 279.4 മില്ലിമീറ്ററായിരുന്നു ഇത്. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ഒരു ദിവസം മാത്രം മുംബൈയിൽ ഏറ്റവുമധികം മഴ ലഭിച്ചത് സാന്താക്രൂസ് മഴ മാപിനിയിലാണ്. 2005 ജൂലൈ 27നായിരുന്നു ഇത്. 944 മില്ലിമീറ്റർ മഴയാണ് ഒറ്റദിവസം സാന്താക്രൂസിൽ പെയ്തിറങ്ങിയത്. കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച പ്രഖ്യാപിച്ച യെല്ലോ അലർട്ട് ഓറഞ്ച് അലർട്ടായി പുനപ്രഖ്യാപിച്ചിരുന്നു. 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.