പരിശോധനയ്ക്കായി ട്രെയിനിന് അടിയിൽ ഇറങ്ങി.. കടന്നു പോയത് 2 കോച്ചുകൾ.. ഗാർഡിന്…
പരിശോധന നടത്താനായി ഇറങ്ങിയ ട്രെയിൻ മാനേജർ (ഗാർഡ്) അടിയിൽ നിൽക്കുമ്പോൾ ട്രെയിൻ മുന്നോട്ടെടുത്തു. പെട്ടെന്നു ട്രാക്കിൽ കമിഴ്ന്നു കിടന്നതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ട് കോച്ചുകൾ അപ്പോഴേക്കും കടന്നു പോയിരുന്നു. തിരുവനന്തപുരം കുണ്ടമൺകടവ് സ്വദേശി ടികെ ദീപയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ഇന്നലെ രാവിലെ 9.15ഓടെയാണ് സംഭവം. തിരുവനന്തപുരത്തു നിന്നു മുംബൈയിലേക്ക് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്റെ കോച്ചിനടിയിൽ നിന്നു പുക ഉയരുന്നത് മുരുക്കുംപുഴ സ്റ്റേഷനിലെ ജീവനക്കാരാണു കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്നു ട്രെയിൻ ചിറയിൻകീഴിൽ നിർത്തി. എവിടെ നിന്നാണ് പുക ഉയരുന്നതെന്നു പരിശോധിക്കാനായി ദീപ ട്രെയിനിനു അടിയിലേക്ക് ഇറങ്ങി. പരിശോധനയ്ക്കിടെ ട്രെയിൻ മുന്നോട്ടെടുക്കുകയായിരുന്നു.
പെട്ടെന്നു തന്നെ ദീപ ട്രാക്കിൽ കമിഴ്ന്നു കിടുന്നു. അതിനിടെ വാക്കിടോക്കിയിലൂടെ ലോക്കോ പൈലറ്റുമാരെ ബന്ധപ്പെടാൻ ദീപ ശ്രമിച്ചിരുന്നതായി കണ്ടു നിന്നവർ പറഞ്ഞു. ആളുകൾ ഉച്ചത്തിൽ ബഹളം വച്ചതോടെ ട്രെയിൻ നിർത്തി. സ്റ്റേഷനിലെ ഗേറ്റ് കീപ്പർ എത്തിയാണ് ദീപയെ പുറത്തെത്തിച്ചത്.
ട്രാക്കിൽ വീണു ദീപയ്ക്ക് കാൽമുട്ടിനു പരിക്കേറ്റിട്ടുണ്ട്. ഡ്യൂട്ടി തുടർന്ന ദീപയെ കൊല്ലത്തെ റെയിൽവേ ആശുപത്രിയിലും തുടർന്നു പേട്ടയിലെ റെയിൽവേ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊല്ലത്തു നിന്നു മറ്റൊരു ഗാർഡിനെ നിയോഗിച്ച ശേഷമാണ് നേത്രാവതി സർവീസ് തുടർന്നത്. സംഭവത്തെപ്പറ്റി റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.
കൊടി കാണിക്കുകയോ അല്ലെങ്കിൽ വാക്കി ടോക്കിയിലൂടെ അറിയിപ്പ് ലഭിക്കുകയോ ചെയ്ത ശേഷം മാത്രമേ ലോക്കോ പൈലറ്റുമാർ ട്രെയിൻ മുന്നോട്ടെടുക്കാവു എന്നാണ് ചട്ടം. ദീപ ഉപയോഗിച്ചിരുന്ന വാക്കിടോക്കിയ്ക്ക് സാങ്കേതിക തകരാറുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്.