കേരളത്തിൽ ആദ്യം..കടകട ശബ്ദമില്ല, ചാഞ്ചാട്ടമില്ല.. പാളങ്ങൾ രാകിമിനുക്കൽ പുരോഗമിക്കുന്നു…
കേരളത്തിലാദ്യമായി റെയിൽപ്പാളം ഗ്രൈൻഡിങ് മെഷീൻ (ആർജിഎം) ഉപയോഗിച്ച് ഉരച്ച് മിനുക്കുന്നു. തീവണ്ടി ഓട്ടത്തിൽ പാളത്തിന് തേയ്മാനം സംഭവിക്കുകയും പാളത്തിന്റെ യഥാർഥ ഘടനയിൽനിന്ന് അൽപ്പം മാറ്റം വരികയും ചെയ്യുന്നു. ഇത് പൂർവസ്ഥിതിയിലാക്കാനാണ് റെയിൽ ഗ്രൈൻഡിങ് മെഷീൻ ഉപയോഗിക്കുന്നത്. പാലക്കാട് ഡിവിഷനിൽ രാകിമിനുക്കൽ പൂർത്തിയായി. തിരുവനന്തപുരം ഡിവിഷനിലാണ് ഇപ്പോൾ പ്രവൃത്തി.
165 മീറ്റർ നീളമുള്ള ഇലക്‌ട്രോണിക് സംവിധാനത്തോടുകൂടിയ മെഷീൻ വണ്ടിയാണിത്. പാളത്തിലൂടെ ഓടിച്ചാണ് പ്രവൃത്തി നടത്തുന്നത്. ഗ്രൈൻഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ചൂടിൽ തീവരും. അത് കെടുത്താൻ വെള്ളം തളിക്കുന്നതും മെഷീനാണ്. 330 കോടിയാണ് മെഷീന്റെ ചെലവ്. അമേരിക്കയിൽനിന്നാണ് ഇറക്കുമതി ചെയ്തത്. ഡൽഹിയിലെ ഒരു കമ്പനിയാണ് റെയിൽവേക്കുവേണ്ടി പ്രവൃത്തി ചെയ്യുന്നത്.
കഴിഞ്ഞവർഷം കേരളത്തിലെ ഒരു പാളത്തിലൂടെ ഓടിയ തീവണ്ടികളുടെ ഭാരം 19 ഗ്രോസ് മെട്രിക് ടൺ ആണ് (കോവിഡിന്റെ സമയത്ത് ഇത് 15 ഗ്രോസ് മെട്രിക് ടൺ ആയിരുന്നു) അടുത്ത വർഷം 25 ജിഎംടി ഭാരത്തിലെത്തുമ്പോൾ ഗ്രൈൻഡിങ് മെഷീൻ വീണ്ടും പാളത്തിലെത്തും, രാകിമിനുക്കാൻ.
ഗുണങ്ങൾ
- തീവണ്ടി ഓടുമ്പോൾ പാളത്തിലെ കടകട ശബ്ദം ഉണ്ടാകില്ല.
- ചക്രവും പാളവും തമ്മിൽ നല്ല പ്രതലബന്ധം സൃഷ്ടിക്കും, വേഗം കൂടും.
- റെയിലിന്റെ പ്രവർത്തനകാലം (ലൈഫ്) കൂടും.
- പാളത്തിന്റെ ചെറിയ പൊട്ടലുകൾ, തുരുമ്പ് എന്നിവ നീക്കും.
- പാളങ്ങളിലെ വളവുകളിലെ ന്യൂനത പരിഹരിക്കും
ഉരുക്കാണ് പാളം
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (സെയിൽ) ആണ് റെയിൽവേക്ക് പാളം നിർമിച്ചുനൽകുന്നത്. പാളത്തിന്റെ ഒരുകഷണത്തിന് 260 മീറ്ററാണ് നീളം. കാർബൺ അംശം കൂടുതൽ അടങ്ങിയ സ്റ്റീലാണ് ഉപയോഗിക്കുന്നത്. ഒരുമീറ്റർ പാളത്തിന് 60 കിലോ ഭാരമുണ്ട്. 10 വർഷത്തിനുള്ളിൽ മാറ്റണം. തീരദേശ ഭാഗങ്ങളിൽ കാലാവധിക്ക് മാറ്റം വരും.