ബലാത്സംഗക്കേസ്; രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ..

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഇന്നലെയാണ് രാഹുലിന്റെ അഭിഭാഷകൻ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന വ്യവസ്ഥ ഇല്ല. അതിനാൽ അറസ്റ്റിലേക്ക് കടക്കുന്നതിൽ പൊലീസിന് നിയമതടസ്സമില്ല.
എന്നാൽ ലൈംഗിക അതിക്രമ പരാതി യുവതി മുഖ്യമന്ത്രിയ്ക്ക് നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എവിടെയെന്നത് അഞ്ജാതമാണ്. വ്യാഴാഴ്ച വൈകിട്ട് ഫോൺ ഓഫ് ചെയ്ത രാഹുൽ, എവിടെയെന്ന് അറിവില്ലെന്നാണ് എംഎൽഎ ഓഫീസിലെ ജീവനക്കാരും പാലക്കാട്ടെ കോൺഗ്രസ് നേതാക്കളും പറയുന്നത്. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത തടയാൻ രാഹുലിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജില്ല വിട്ടാൽ മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന നിയമോപദേശം ലഭിച്ചതിനാൽ രാഹുൽ പാലക്കാട്ടെ ഏതെങ്കിലും രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ തുടരുകയാണെന്നാണ് വിവരം.



