കമ്മ്യൂണിസ്റ്റ് പാർട്ടി പെരും നുണകളാൽ കെട്ടിപ്പൊക്കിയ പ്രസ്ഥാനം; ഏറ്റവും  ഫേക്ക്  ആയ നേതാവ്  കെകെ ശൈലജയെന്നും രാഹുൽ 

കമ്മ്യൂണിസ്റ്റ് പാർട്ടി പെരും നുണകളാൽ കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണെന്നും, പുതിയ കാലത്തെ ഏറ്റവും ‘ഫേക്ക്’ ആയ നേതാവാണ് കെകെ ശൈലജയെന്നും രാഹുൽ മാങ്കൂട്ടത്തിൽ. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളോട് ശൈലജ ടീച്ചർ സംസാരിക്കുന്ന വീഡിയോ വിവാദമായതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ രാഹുൽ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്. കോൺഗ്രസ് കൊണ്ടുവന്ന പദ്ധതിയാണ് തൊഴിലുറപ്പ് എന്ന് വ്യക്തമായ ബോധ്യമുണ്ടായിട്ടും, അത് സിപിഎം കൊണ്ടുവന്നതാണെന്ന് ശൈലജ ടീച്ചർ നിഷ്കളങ്കരായ തൊഴിലാളികളോട് പറയുന്നത് മനസ്താപമില്ലാത്ത നടപടിയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഓണത്തിന് അലവൻസ് നൽകുന്നത് കേരളത്തിൽ മാത്രമാണെന്നും അതിന് കാരണം എൽഡിഎഫ് സർക്കാരാണെന്നും പറയുന്നത് മണ്ടത്തരമാണ്. പാവപ്പെട്ട അമ്മമാരുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്ത് വോട്ട് കൂട്ടാനാണ് ടീച്ചർ ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

പഴയകാല നേതാക്കൾ സൈദ്ധാന്തികമായി കള്ളങ്ങൾ പറഞ്ഞിരുന്നുവെങ്കിൽ പുതിയ കാലത്തെ നേതാക്കൾ ഒരു ജാള്യതയുമില്ലാതെ പച്ചക്കള്ളം പറയുകയാണ്. പിആർ വർക്കുകളിലൂടെ നിർമ്മിച്ചെടുത്ത പ്രതിച്ഛായയാണ് ശൈലജയുടേതെന്നും രാഹുൽ  പരിഹസിച്ചു. “പെൻഷൻ വാങ്ങി തിന്നിട്ട് നന്ദികേട് കാണിക്കരുത്” എന്ന് എംഎം മണി പറഞ്ഞതിന്റെ നാടകീയമായ വേർഷനാണ് ശൈലജ ടീച്ചർ അവതരിപ്പിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുറിപ്പിൽ വ്യക്തമാക്കി. ഇത്തരം നുണകൾ ഈ നാട് തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button