പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ചങ്കിന് വിജയം; ഏറത്ത് പഞ്ചായത്ത് ആറാം വാർഡിൽ വിജയിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി റിനോ പി രാജൻ

പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിൻറെ വിശ്വസ്തന് വിജയം. യുഡിഎഫ് സ്ഥാനാർത്ഥി റിനോ പി രാജനാണ് വിജയിച്ചത്. പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് ആറാം വാർഡായ കിളിവയലിലെ സ്ഥാനാർത്ഥിയായിരുന്നു റിനോ പി രാജൻ. 240 വോട്ടുകൾക്ക് ആണ് റിനോ മികച്ച വിജയം നേടിയിട്ടുള്ളത്.
അതേസമയം, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മറ്റൊരു വിശ്വസ്തനായ ഫെനി നൈനാൻ അടൂർ നഗരസഭയിലെ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. എട്ടാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഇദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ വാർഡിൽ ബിജെപി തങ്ങളുടെ നിലവിലെ വിജയം ആവർത്തിക്കുകയായിരുന്നു. കൂടാതെ, രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസിൽ ഫെനി നൈനാനെതിരെയും നിർണായകമായ ആരോപണങ്ങൾ ഉയർന്നിരുന്നു.
പത്തനംതിട്ട നഗരസഭയിലടക്കം യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് അധികാരം ഉറപ്പിച്ചു കഴിഞ്ഞു. പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുകയാണ്. പത്തനംതിട്ട നഗരസഭയിലെ പതിനാറാം വാർഡിൽ 248 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിമതൻ ബിബിൻ ബേബി വിജയിച്ചു. നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ജാസിം കുട്ടിയെയാണ് ബിബിൻ പരാജയപ്പെടുത്തിയത്.



