പീഡനം നടന്നശേഷം അയാളുമായി സംഭാഷണം നടത്തി രണ്ട് ബെഡ് റൂം ഫ്ലാറ്റ് വേണോ അതോ മൂന്ന് ബെഡ് റൂം ഫ്ലാറ്റ് വേണോയെന്ന് ചോദിക്കുമോ?

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പീഡന കേസിലെ പരാതിക്കാരിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച കേസിലെ ജാമ്യം റദ്ദാക്കാൻ തിരുവനന്തപുരം സിജെഎം കോടതിയിൽ ഹർജി നൽകിയ അന്വേഷണ സംഘത്തിൻറെ നടപടിക്കെതിരെ രാഹുൽ ഈശ്വർ. ജനുവരി 19ന് ഹാജരാകണമെന്ന കോടതിയുടെ നോട്ടീസ് ഇപ്പോൾ വന്നിട്ടുണ്ടോ എന്നറിയില്ലെന്നും തൻറെ ജാമ്യം റദ്ദാക്കാൻ പൊലീസ് നിസാര കാരണങ്ങൾ നിരത്തുകയാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് തന്നെ അനാവശ്യമായി ജയിലിലിട്ടുവെന്നും രാഹുൽ ഈശ്വർ കൊച്ചിയിൽ പറഞ്ഞു. എന്നാൽ, ജാമ്യം ലഭിച്ച പുറത്തിറങ്ങിയശേഷവും രാഹുൽ ഈശ്വർ വീണ്ടും അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് അന്വേഷണ സംഘം ഹർജി നൽകിയത്.
രാഹുൽ ഈശ്വറിന്റെ വാക്കുകൾ:
”പുരുഷ കമ്മീഷനെ പല രാഷ്ട്രീയ നേതാക്കളും പരസ്യമായി പിന്തുണക്കാത്തത് മാധ്യമങ്ങൾ സ്ത്രീ വിരുദ്ധർ എന്ന് പറയുമോ എന്ന് ഭയന്നിട്ടാണ്. തനിക്കെതിരെ പരാതി നൽകിയ അതിജീവിതയ്ക്കെതിരെ താനും പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരെ നിരന്തരം പരാതി നൽകി സ്വൈര്യ ജീവിതം നശിപ്പിക്കുകയാണ് അവർ. അതിജീവിത ഗൂഢാലോചന നടത്തിയെങ്കിൽ അന്വേഷിക്കണം. പത്താം തീയതി ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഇതുവരെ പൊലീസ് നടപടി എടുത്തിട്ടില്ല.”
മുഖത്തടിക്കുകയും പീഡിപ്പിക്കുകയും ചെയ്തശേഷം ആരെങ്കിലും ഫ്ലാറ്റ് വാങ്ങാൻ സഹായിക്കുമോയെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിൻറെ അറസ്റ്റിലേക്ക് നയിച്ച മൂന്നാം പീഡന പരാതിയിൽ രാഹുൽ ഈശ്വർ സംശയം ഉന്നയിച്ചത്. ”പീഡനം നടന്നശേഷം അയാളുമായി സംഭാഷണം നടത്തി രണ്ട് ബെഡ് റൂം ഫ്ലാറ്റ് വേണോ അതോ മൂന്ന് ബെഡ് റൂം ഫ്ലാറ്റ് വേണോയെന്ന് ചോദിക്കുമോ? ആദ്യ പരാതിക്കാരിയുടെ ഭർത്താവ് തന്നെ പിന്തുണച്ചുകൊണ്ട് വീഡിയോ ചെയ്തിരുന്നു. ഗൂഢാലോചനയെന്ന് പറയുമോയെന്ന് ഭയന്ന് ആ വീഡിയോക്ക് താൻ ലൈക്ക് പോലും ചെയ്തില്ല, പരാതികളെല്ലാം മുഖ്യമന്ത്രിക്കാണ് നൽകുന്നത് എല്ലാം പബ്ലിസിറ്റി കിട്ടാൻ വേണ്ടിയാണ്”.




