രാഹുലിന് തിരിച്ചടി….രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി

തിരുവനന്തപുരം: രണ്ടാമത്തെ പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടയാതെ കോടതി. മൂൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

അറസ്റ്റ് തടയണമെന്ന് രാഹുൽ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന വാദമാണ് പ്രതിഭാഗം ഉയർത്തിയത്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ആണിതെന്നും അറസ്റ്റ് തടയണമെന്നും രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

പരാതിക്കാരിയുടെ പേരോ സംഭവസ്ഥലമോ വ്യക്തമല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇ മെയില്‍ ഐഡിയിലും പേര് വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലാതെയാണ് പരാതി നല്‍കിയത്.

തിരഞ്ഞെടുപ്പ് കാലത്ത് വന്ന പരാതിയാണെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ രാഹുല്‍ അംഗമായ പാര്‍ട്ടിയുടെ അദ്ധ്യക്ഷനാണ് പരാതി ഡിജിപിക്ക് കൈമാറിയതെന്നും റിപ്പോര്‍ട്ട് പരിഗണിക്കാതെ അറസ്റ്റ് തടയരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് ലൈംഗിക അതിക്രമക്കേസില്‍ കാലതാമസം ബാധകമല്ലെന്നും സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമല്ലോയെന്നും കോടതി നിരീക്ഷിച്ചു.

ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയായിരുന്നു രണ്ടാമത്തെ കേസിലും മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയത്. 23 കാരിയായ യുവതി കൂടി രാഹുലിനെതിരേ പരാതി നല്‍കിയിരുന്നു. ഇതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഈ കേസില്‍ പൊലീസിന് എംഎല്‍എയെ അറസ്റ്റ് ചെയ്യാമെന്ന സാഹചര്യം നിലനില്‍ക്കെയായിരുന്നു മുന്‍കൂര്‍ ജാമ്യം തേടിയത്.

Related Articles

Back to top button