രാഹുൽ ഗാന്ധിയുടെ ചിത്രം വെച്ച് സാനിറ്ററി പാഡ് വിതരണം; കോൺഗ്രസിനെതിരെ ബിജെപി…
സാനിറ്ററി പാഡുകൾ വിതരണം ചെയ്തുകൊണ്ട് സ്ത്രീ വോട്ടർമാരെ ആകർഷിക്കാനുള്ള ബിഹാര്‍ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രം വിവാദത്തിന് തിരികൊളുത്തി. ആർത്തവ ശുചിത്വ അവബോധം വളർത്തുക എന്നതാണ് പ്രിയദർശിനി ഉദാൻ യോജന എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതിയുടെ ലക്ഷ്യം. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.
“രാഹുൽ ഗാന്ധിയുടെ ചിത്രം സാനിറ്ററി പാഡിൽ പതിപ്പിച്ചത് ബിഹാറിലെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യം! കോൺഗ്രസ് ഒരു സ്ത്രീവിരുദ്ധ പാർട്ടിയാണ്! ബിഹാറിലെ സ്ത്രീകൾ കോൺഗ്രസിനെയും ആർജെഡിയെയും ഒരു പാഠം പഠിപ്പിക്കും,”എന്ന് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ട്വീറ്റ് ചെയ്തു.
ജെ ഡി യു നേതാക്കൾ ഈ നീക്കത്തെ ‘വോട്ടിന്റെ വ്യാപാരം’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ കോൺഗ്രസ് നേതാക്കൾ സ്ത്രീകളുടെ അവകാശങ്ങൾക്കും ആരോഗ്യത്തിനും വേണ്ടി പ്രവർത്തിക്കുന്നതാണെന്നും മറ്റു പാർട്ടികളുടെയും നേതാക്കളുടെയും ചിത്രങ്ങൾ പല പദ്ധതികളിലും ഉപയോഗിക്കുന്നുണ്ട് എന്നും മറുപടി നൽകി.മഹിളാ കോൺഗ്രസ് പ്രവർത്തകർ സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾക്ക് സാനിറ്ററി പാഡുകൾ വിതരണം ചെയ്യുമെന്ന് ബിഹാർ കോൺഗ്രസ് പ്രസിഡന്‍റ് രാജേഷ് കുമാർ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കുറഞ്ഞത് അഞ്ച് ലക്ഷം സ്ത്രീകൾക്കെങ്കിലും സാനിറ്ററി പാഡുകൾ നൽകുക എന്നതാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ബീഹാറിലെ സ്ത്രീധനവും ആരോഗ്യവും രാഷ്ട്രീയത്തിൽ പ്രധാന വിഷയങ്ങളായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് പാർട്ടികൾ ഇത്തരം തന്ത്രങ്ങൾ സ്വീകരിക്കുന്നത്. ഈ വർഷം ഒക്ടോബറിലോ നവംബറിലോ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.