രാഹുലിന്റെ ജീപ്പ് പോലീസുകാരന്റെ കാലിൽ കയറിയിറങ്ങി..ഇത് ജനങ്ങളെ ഞെരിച്ചമർത്തുന്ന യാത്ര..

ബിഹാറില്‍ വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ വാഹനം പോലീസുകാരന്റെ പാദത്തിലൂടെ കയറിയിറങ്ങി. നവാഡയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. യാത്രയുടെ ഭാഗമായി രാഹുല്‍ സഞ്ചരിച്ചിരുന്ന തുറന്ന ജീപ്പ്, പോലീസ് കോണ്‍സ്റ്റബിളിന്റെ കാല്‍പാദത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
അപകടത്തിന് പിന്നാലെ മറ്റ് പോലീസുകാരും വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കാനെത്തിയവരും ചേര്‍ന്ന് പോലീസുകാരനെ വാഹനത്തിന്റെ അടിയില്‍നിന്ന് പുറത്തേക്ക് വലിച്ചുമാറ്റി.സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. അതേസമയം, അപകടം ശ്രദ്ധയില്‍പ്പെട്ട രാഹുല്‍, പരിക്കേറ്റ പോലീസുദ്യോഗസ്ഥന് നല്‍കാന്‍ വെള്ളക്കുപ്പി അനുയായികള്‍ക്ക് കൈമാറുന്നതും ദൃശ്യങ്ങളിലുണ്ട്. രാഹുല്‍ പിന്നീട് പോലീസുകാരനെ കാണുകയും വിവരങ്ങള്‍ ആരായുകയും ചെയ്തു.
അപകടത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരേ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. രാഹുലിന്റെ വാഹനം പോലീസ് കോണ്‍സ്റ്റബിളിനെ ഞെരിച്ചമര്‍ത്തിയെന്നും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല സാമൂഹികമാധ്യമമായ എക്‌സില്‍ ആരോപിച്ചു. കോണ്‍സ്റ്റബിളിന്റെ അവസ്ഥ എന്തെന്ന് അറിയാന്‍ രാഹുല്‍ വാഹനത്തില്‍നിന്ന് താഴെയിറങ്ങിയില്ലെന്നും അദ്ദേഹത്തിന്റേത് ജനങ്ങളെ ഞെരിച്ചമര്‍ത്തുന്ന യാത്രയാണെന്നും പൂനാവാല പരിഹസിച്ചു.