വോട്ടിന് വേണ്ടി മോദി എന്തും ചെയ്യും; ആവശ്യപ്പെട്ടാൽ വേദിയിൽ ഡാൻസും കളിക്കും

ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വോട്ടിന് വേണ്ടി മോദി എന്തും ചെയ്യുമെന്നും ആവശ്യപ്പെട്ടാൽ അദ്ദേഹം വേദിയിൽ ഡാൻസ് കളിക്കുമെന്നുമാണ് രാഹുലി​ന്റെ പരിഹാസം. മുസഫർപൂരിൽ മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലി​ന്റെ വിമർശനം. ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവും റാലിയിൽ പങ്കെടുത്തു.

ബിജെപിയും എൻഡിഎയും സാമൂഹ്യനീതിക്ക് എതിരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഭരണഘടനയെ ആക്രമിക്കുകയും മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടുകൾ മോഷ്ടിക്കുകയും ചെയ്തവർ ബിഹാറിലും അത് ചെയ്യാൻ ശ്രമിക്കുകയാണ്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാർ സർക്കാരിനെ ബിജെപി റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.

ഇന്ത്യൻ ഭരണഘടനയെ തകർക്കാനാണ് പ്രധാനമന്ത്രിയും ആർഎസ്എസും ശ്രമിക്കുന്നത്. രാജ്യത്തെ പാവപ്പെട്ടവർക്ക് ലഭിച്ച എല്ലാ അവകാശങ്ങൾക്കും കാരണം ഭരണഘടനയാണ്. ബിഹാറിലെ യുവാക്കളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി മഹാസഖ്യം നിലകൊള്ളും. എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വോട്ടർ പട്ടിക പരിഷ്‌കരണത്തിലൂടെ 66 ലക്ഷം ആളുകളെയാണ് വെട്ടിമാറ്റിയത്. ബിഹാർ ജനതയുടെ ശബ്ദമാകുന്ന ഒരു സർക്കാർ രൂപീകരിക്കപ്പെടാതിരിക്കാനാണ് അവർ ശ്രമിക്കുന്നത്. ഇതാണ് എസ്‌ഐആർ ലക്ഷ്യമിടുന്നത്. എല്ലാ മത, ജാതി, വർഗ വിഭാഗത്തിൽപ്പെട്ടവരെയും ഉൾക്കൊള്ളുന്ന സർക്കാരാണ് മഹാസഖ്യം രൂപീകരിക്കുക. ഒരാളെയും തങ്ങൾ ഒഴിവാക്കില്ലെന്ന് ഉറപ്പ് നൽകുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Related Articles

Back to top button