പ്രിയങ്ക തന്നോട് പിണങ്ങി; എന്നാൽ വയനാട്ടിൽ എത്തിയപ്പോൾ പെട്ടെന്ന് ആ പിണക്കം മാറി..രാഹുൽഗാന്ധി

സഹോദരി പ്രിയങ്ക ഗാന്ധിയുമായും, വയനാടുമായുള്ള സ്നേഹബന്ധം വൈകാരികമായി പറഞ്ഞ് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം പ്രിയങ്കയും താനും തമ്മിൽ ചെറിയ വാഗ്വാദം നടന്നു. പിന്നെ പ്രിയങ്ക തന്നോട് പിണങ്ങി. എന്നാൽ വയനാട്ടിൽ എത്തിയപ്പോൾ പെട്ടെന്ന് ആ പിണക്കം മാറി. അതാണ് വയനാടിന്റെ മാന്ത്രികതയെന്നും, സ്നേഹമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകൾക്ക് തറക്കല്ലിടാനാണ് രാഹുലും ,പ്രിയങ്കയും എത്തിയത്. ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് സാക്ഷിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജാതി മത വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചുനിന്നു. സമാനതകളില്ലാത്ത ധീരതയാണ് വയനാടൻ ജനത കാണിച്ചത്, രാഹുൽ ഗാന്ധി പറഞ്ഞു.




