അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസ്.. രാഹുൽ ഗാന്ധിക്ക് ജാമ്യം..

2018 ൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. ജാർഖണ്ഡിലെ ചൈബാസയിലെ എംപി-എംഎൽഎ കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചു. ജാമ്യം തേടി രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.

“ജാർഖണ്ഡ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായത്. അദ്ദേഹം ജാമ്യം തേടിയിരുന്നു. സോപാധിക ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇനി ഞങ്ങൾ നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകും,” രാഹുൽഗാന്ധിയുടെ അഭിഭാഷകൻ പ്രണവ് ദാരിപ പറഞ്ഞു. മാനനഷ്ടക്കേസ് 2018 ൽ രജിസ്റ്റർ ചെയ്തതാണെന്നും അഭിഭാഷകൻ പറഞ്ഞു. “കേസ് ആദ്യം റാഞ്ചിയിൽ രജിസ്റ്റർ ചെയ്തിരുന്നു, 2021 ൽ ചൈബാസയിലേക്ക് മാറ്റി. ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ ഒരു ഹർജി ഫയൽ ചെയ്തിരുന്നു, ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഞങ്ങൾ ഇവിടെയുള്ളത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

2018-ൽ ചൈബാസയിൽ നടന്ന ഒരു റാലിയിൽ ഷായ്‌ക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് പ്രതാപ് കുമാർ എന്ന വ്യക്തിയാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ചൈബാസയിലെ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ, രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ അപകീർത്തികരമാണെന്നും അമിത് ഷായുടെ പ്രശസ്തിയെ അപകീർത്തിപ്പെടുത്താൻ മനഃപൂർവ്വം നടത്തിയതാണെന്നും പ്രതാപ് കുമാർ ആരോപിച്ചിരുന്നു.

Related Articles

Back to top button