തെരഞ്ഞെടുപ്പുകളുടെ മുഴുവൻ വിവരങ്ങളും പുറത്തുവിടണം..തെരഞ്ഞെടുപ്പിനെ കമ്മീഷനെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി…

പ്രതിപക്ഷം സംശയമുന്നയിച്ച ലോക് സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്ത് വിടണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ബിഹാറിലും തോല്‍ക്കുമെന്ന് രാഹുലും സംഘവും മുന്‍ കൂട്ടി കണ്ടതിന്‍റെ വേവലാതിയാണെന്ന് ബിജെപി പരിഹസിച്ചു. അതേസമയം ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും 2009 മുതലുള്ള വോട്ടര്‍പട്ടിക പുറത്തുവിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് അട്ടിമറി നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിലെഴുതിയ ലേഖനത്തിലൂടെ രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമന പ്രക്രിയ മുതല്‍ പോളിംഗ് ശതമാനത്തില്‍ വരെ അട്ടിമറിയുണ്ടായെന്നായിരുന്നു രാഹുലിന്‍റെ വിമര്‍ശനം. ആക്ഷേപങ്ങള്‍ തള്ളിയ തെരഞ്ഞെടുപ്പ കമ്മീഷനെ വെല്ലുവിളിച്ചാണ് പുതിയ ആവശ്യങ്ങള്‍ രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്.

സമീപകാലത്ത് നടന്ന മുഴുവന്‍ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെയും വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നാണ് പ്രധാന ആവശ്യം. വോട്ടര്‍പട്ടിക, പോളിംഗ് ശതമാനമടക്കമുള്ള വിവരങ്ങള്‍ ലഭ്യമാക്കി സംശയം അകറ്റണമെന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിഞ്ഞശേഷം പോളിംഗ് ശതമാനത്തിലുണ്ടായ കുതിച്ച് ചാട്ടം സംശയങ്ങള്‍ക്കിട നല്‍കുന്നതാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു

Related Articles

Back to top button