പൊട്ടിക്കരഞ്ഞു ശ്രീലക്ഷ്മി! ഈ കണ്ണീർ സത്യമാണെങ്കിൽ, ഒരു പുരുഷൻ എന്ന നിലയിൽ ഖേദം അറിയിക്കുന്നു; രാഹുൽ ഈശ്വർ

ശ്രീലക്ഷ്മി അറക്കൽ കരയുന്നതു കണ്ടപ്പോൾ വിഷമം തോന്നിയെന്ന് രാഹുൽ ഈശ്വർ. ശ്രീലക്ഷ്മിയുടേത് വളരെ ജെനുവിനായ വിഷമം എന്നാണ് തോന്നിയത്. ശ്രീലക്ഷ്മി, ദീപക്കിനെയും , ദിലീപിനെയും കുറിച്ച് പറഞ്ഞതിനോടൊക്കെ ശക്തമായി എതിർപ്പാണ്. അതൊക്കെ പൂർണ്ണമായും തെറ്റുമാണ്. പക്ഷെ അധിക്ഷേപം അല്ല അതിനുള്ള മറുപടിയെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ചില വാക്കുകൾ ഉപയോഗിച്ച് സ്ത്രീയെ അധിക്ഷേപ്പിക്കുന്നത് ഒരു കാരണവശാലും നമ്മൾ പുരുഷന്മാർ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലക്ഷ്മിയുടെ എല്ലാ കടുത്ത ഫെമിനിസ്റ്റ് നിലപാടുകളോടും എതിർപ്പോടു കൂടി തന്നെ പറയട്ടെ, ഈ കണ്ണീർ സത്യമാണെങ്കിൽ, ഒരു പുരുഷൻ എന്ന നിലയിൽ, എല്ലാ പുരുഷ സഹോദരന്മാർക്കും വേണ്ടി ഖേദം അറിയിക്കുന്നു. ഒരു സ്ത്രീയെയും അപമാനിക്കുന്ന പ്രവണത നല്ലതല്ല. ആരുടേയും കണ്ണീർ നമ്മളെ ചിരിപ്പിക്കരുത്. ശ്രീലക്ഷ്മി അറക്കലിനോട് യോജിക്കാം വിയോജിക്കാം, പക്ഷേ അധിക്ഷേപം ശരിയല്ല എന്ന് ദയവായി ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലക്ഷ്മി വളരെ ബുദ്ധിമുട്ടി ജീവിതത്തിൽ ഉയർന്നു വന്നു എന്നാണ് മനസിലാക്കുന്നത്. എല്ലാ വിധ ആശംസകളും. പുരുഷാവകാശ പോരാട്ടങ്ങൾ നയിക്കുന്നവരും ഫെമിനിസ്റ്റുകളും തമ്മിൽ ശത്രുതയുടെ ആവശ്യം ഇല്ല, കാരണം നമ്മൾ എല്ലാം അടിസ്ഥാനപരമായി മനുഷ്യർ ആണ്, മനുഷ്യത്വം ആണ് നമ്മളെ നയിക്കേണ്ടത്. ദീപകിന്റെ കുടുംബത്തിനും, നിങ്ങളുടെ ഫെമിനിസ്റ്റ് മൂവ്മെന്റിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്നും രാഹുൽ കുറിച്ചു.


