ജീവിതത്തിൽ ഇതുവരെ ബ്ലാക്ക് മാർക്ക് കേൾപ്പിക്കാത്ത വ്യക്തിയാണ്; തന്ത്രി കണ്ഠരര് രാജീവരിനെ അറസ്റ്റ് ചെയ്തതിന് പ്രതികരണവുമായി രാഹുൽ ഈശ്വർ

ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല മുൻ തന്ത്രി കണ്ഠരര് രാജീവരിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് പ്രതികരണവുമായി രാഹുൽ ഈശ്വർ. ബന്ധുവായത് കൊണ്ട് പറയുന്നതല്ലെന്നും, ജീവിതത്തിൽ ഇതുവരെ ബ്ലാക്ക് മാർക്ക് കേൾപ്പിക്കാത്ത വ്യക്തിയാണ് കണ്ഠരര് രാജീവരെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തന്ത്രി കണ്ഠരര് രാജീവരെ ന്യായീകരിച്ച് രാഹുൽ ഈശ്വർ രംഗത്ത് എത്തിയത്. ജീവിതത്തിൽ ഇന്നേവരെ അദ്ദേഹം ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല, ഒരു കുറ്റവും പഴിയും കേൾപ്പിച്ചിട്ടില്ല. അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിലെ വീഴ്ച്ചക്ക് തന്ത്രിയെ ബലിയാടാക്കി കുടുക്കിയാൽ മറ്റു ആരെയെങ്കിലും രക്ഷപെടുത്താനാകുമെന്നു വിചാരിച്ചു ചെയുന്നതാണോ എന്നറിയില്ലെന്നും രാഹുൽ ഈശ്വർ പറയുന്നു.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് തന്ത്രി രാജീവ് കണ്ഠരര് മോഹനരെ പ്രത്യേക അന്വേഷണ സംഘം ഇന്ന് അറസ്റ്റ് ചെയത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലോ മൊഴികളുടെ അടിസ്ഥാനത്തിലോ അല്ല തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നാണ് എസ്ഐടിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഉണ്ണികൃഷ്ണൻ പോറ്റിയെ ശക്തനാക്കിയത് തന്ത്രിയെന്നാണ് പുറത്തുവരുന്നത്. പോറ്റിയെ ശബരിമലയിലെത്തിച്ചതിൽ മുഖ്യ പങ്ക് കണ്ഠരര് രാജീവർക്കാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പോറ്റി ശാന്തിക്കാരനായി ജോലി ചെയ്ത ബെംഗളൂരുവിലെ ക്ഷേത്രത്തിലെ തന്ത്രിമുഖ്യൻ കണ്ഠരര് രാജീവരായിരുന്നു. ഈ ബന്ധമാണ് പോറ്റിയെ ശബരിമലയിൽ കീഴ്‌ശാന്തിയുടെ പരികർമിയായി നിയമിക്കാൻ കാരണമായതെന്നാണ് പുറത്ത് വരുന്ന വിവരം.




