‘വിശപ്പില്ല, ഉറങ്ങാൻ പാരസെറ്റമോളും സിട്രിസിനും’.. എക്സ്ട്രീം ട്രോമയിൽ രാഹുൽ മാങ്കൂട്ടത്തിൽ.. ട്രോളുമായി ശിവൻ കുട്ടി..
ലൈംഗികാരോപണങ്ങൾ നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന ശബ്ദസന്ദേശം രാഹൂൽ ഈശ്വർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എക്സ്ട്രീം ട്രോമയിലൂടെയാണ് താൻ കടന്നു പോകുന്നതെന്നും എംഎൽഎ ആകണമെന്നോ മന്ത്രിയാകണമെന്നോ അല്ല ഇപ്പോഴത്തെ ആഗ്രഹമെന്നും റൂമിൽ നിന്ന് പുറത്തിറങ്ങണമെന്നത് മാത്രമാണെന്നും രാഹുൽ ഫോൺ സംഭാഷണത്തിൽ പറയുന്നു. വിശക്കാറില്ല, അതുകൊണ്ട് ഭക്ഷണം കഴിക്കാറില്ലെന്നും എന്നെങ്കിലുമൊരിക്കൽ താൻ ഇത് പറയുമെന്നും സ്ത്രീകൾക്ക് മാത്രമല്ല ട്രോമയുള്ളതെന്നും എംഎൽഎ, രാഹുൽ ഈശ്വറിനോട് പറയുന്നു. ഈ ഓഡിയോ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
പുറത്തുവന്ന ഫോൺ സംഭാഷണം ഇങ്ങനെ; ‘രാത്രിയിൽ ഉറങ്ങാനായിട്ട് പാരസെറ്റാമോളും സിട്രിസിനും കഴിച്ചിട്ട് കിടക്കും. അഞ്ചുമണി, ആറുമണിയാകുമ്പോഴാണ് ഞാൻ ഉറങ്ങുന്നത്. എന്നിട്ടൊരു ഏഴുമണി..എട്ടുമണിയൊക്കെ ആകുമ്പോൾ എഴുന്നേൽക്കും. രണ്ടുമണിക്കൂറൊക്കെയാ ഉറങ്ങുന്നേ. വിശക്കാറില്ല, അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കണമെന്ന് തോന്നാറില്ല. ട്രോമയെന്നൊക്കെ പറഞ്ഞാൽ എക്സ്ട്രീം ട്രോമയിലൂടെ പോകുവാ. നമ്മടെ ഇപ്പോഴത്തെ ആഗ്രഹം എംഎൽഎ ആകണമെന്നോ മന്ത്രിയാകണമെന്നോ അല്ല, റൂമിൽ നിന്ന് പുറത്തിറങ്ങണമെന്നാണ്. അതാണ് ഒരവസ്ഥ. ആളുകൾക്ക് എന്താണ് മിണ്ടാത്തത്,പ്രതികരിക്കാത്തത്? തെറ്റ് ചെയ്തത് കൊണ്ടാണോ എന്നൊക്കെ ചോദിക്കാൻ എളുപ്പമാണ്. എന്റെ അവസ്ഥയെന്ന് പറഞ്ഞാൽ.. ഞാനത് എപ്പോഴെങ്കിലും പറയും.കാരണം സ്ത്രീകൾക്ക് മാത്രമല്ലല്ലോ ട്രോമ’.
അതേസമയം, പുറത്തുവന്ന ഓഡിയോയ്ക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ വൻ ട്രോളാണ്. മന്ത്രി ശിവൻ കുട്ടി സാമൂഹിക മാധ്യമത്തിൽ പങ്കിട്ട കുറിപ്പും വൈറലായി. ‘പൊതുജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്..പാരസെറ്റാമോളും സിട്രിസിനുമെല്ലാം ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക. വ്യാജൻമാരെ ഒഴിവാക്കുക’ എന്നാണ് മന്ത്രിയുടെ പോസ്റ്റ്. പാരസെറ്റാമോൾ ഉറങ്ങാനുള്ള മരുന്നല്ലെന്നും സിട്രിസിൻ ഉറങ്ങാൻ വേണ്ടി കഴിക്കുന്നത് തീരെ നല്ലതല്ലെന്നും, ആരോഗ്യമന്ത്രി കൊടുക്കേണ്ട നിർദ്ദേശം വിദ്യാഭ്യാസ മന്ത്രി കൊടുക്കുന്നു… ? ഇത് ഫൗളാണ് സാറേയെന്നും ആളുകൾ കുറിച്ചിട്ടുണ്ട്.