റഹീമിന്റെ മോചനത്തിന് ആശ്വാസം നൽകുന്ന വിധിയെന്ന് റഹീം നിയമസഹായ സമിതി…
സൗദി ജയിലില്‍ കഴിയുന്ന അബ്ദുൽ റഹീം കേസിലെ സുപ്രിംകോടതി വിധി റഹീമിന്റെ മോചനത്തിന് ആശ്വാസം നൽകുന്ന വിധിയെന്ന് റഹീം നിയമസഹായ സമിതി. കേന്ദ്രസർക്കാരിനും സൗദി ഭരണ കൂടത്തിനും ഒപ്പം നിന്ന എല്ലാവർക്കും നിയമസഹായ സമിതി നന്ദി അറിയിച്ചു. ശിക്ഷാ നടപടികൾ പൂർത്തിയാക്കി മെയ് മാസത്തോടെ റഹീം പുറത്തിറങ്ങുമെന്ന് പ്രതീക്ഷയെന്നും സമിതി പറഞ്ഞു.
സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീം പ്രതിയായ കേസില്‍ കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയാണ് സുപ്രീം കോടതി ഇന്നലെ തള്ളിയത്. കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു. ഹർജി തള്ളിയത്തോടെ ഇനി റഹീമിന് എതിരെ മറ്റു നടപടികൾ ഉണ്ടാവില്ല. മോചനത്തിലേക്കും കാര്യങ്ങള്‍ ഇനി എളുപ്പമാകും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുകയാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീം.



