‘ആരോഗ്യ വകുപ്പ് തിരിഞ്ഞുനോക്കിയില്ല’.. പത്തനംതിട്ടയിലും പേവിഷബാധ മരണം.. 13കാരിക്ക് ദാരുണാന്ത്യം…..
പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടും തെരുവുനായ കടിച്ച പതിമൂന്നുകാരി പേവിഷബാധയേറ്റ് മരിച്ചു.പത്തനംതിട്ട പുല്ലാട് സ്വദേശിനി ഭാഗ്യലക്ഷ്മി ആണ് പേവിഷബാധയേറ്റതിനെ തുടര്‍ന്ന് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോഗ്യവകുപ്പിനെതിരെ രംഗത്തെത്തി.ഡിസംബര്‍ 13 നാണ് കുട്ടിയെ നായ കടിച്ചത്. ജില്ലാ ആശുപത്രിയില്‍ വാക്സിന് പൂര്‍ത്തിയാക്കിയിട്ടും ഏപ്രില്‍ മൂന്നിന് കുട്ടി പേവിഷ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഏപ്രില്‍ 9നാണ് കുട്ടി മരിച്ചത്.
പബ്ലിക് ഹെല്‍ത്ത് ലാബിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയെ കടിച്ച നായ മൂന്നാം നാള് ചത്തു. നായയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.ആരോഗ്യവകുപ്പ് അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് കുട്ടിയുടെ അച്ഛന് ആരോപിച്ചു. നാരങ്ങാനം പഞ്ചായത്തും ആരോഗ്യവകുപ്പും നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.