ആർ ശ്രീലേഖ ഡെപ്യൂട്ടി മേയറുമാകില്ല…. വിജയസാധ്യത കൂടിയ നിയമസഭാ സീറ്റ് വാഗ്ദാനം…

തിരുവനന്തപുരം: വി വി രാജേഷിനെ തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയാക്കാൻ ബി ജെ പി തീരുമാനിച്ചതോടെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മുൻ ഡി ജി പി ആർ ശ്രീലേഖ ഡെപ്യൂട്ടി മേയറുമാകില്ലെന്ന് ഉറപ്പായി. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ പുരോഗമിച്ചിരുന്നതെങ്കിലും അവസാന നിമിഷം വലിയ ട്വിസ്റ്റാണ് ഉണ്ടായത്. ശ്രീലേഖയെ മേയർ ആക്കാനുള്ള നീക്കത്തെ പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി എതിർത്തതോടെയാണ് തീരുമാനം മാറിമറി‌ഞ്ഞത്. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം ശ്രീലേഖ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും എത്തില്ല എന്നാണ് വ്യക്തമാകുന്നത്. കൂടുതൽ വിജയ സാധ്യത കൂടുതൽ ഉള്ള സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം.

അതിനിടെ ചർച്ചകൾക്കായി ശ്രീലേഖ ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയിട്ടുണ്ട്. ജില്ലയിലെ മുതിർന്ന ബി ജെ പി നേതാക്കളുമായി ശ്രീലേഖ കൂടിക്കാഴ്ച നടത്തും. സാഹചര്യം ശ്രീലേഖയെ നേതാക്കൾ ധരിപ്പിച്ചതായും വിവരമുണ്ട്. നേരത്തെ തർക്കം നിലനിന്ന സാഹചര്യത്തില്‍ ശ്രീലേഖയുടെ വീട്ടില്‍ വച്ചും ചർച്ചകൾ നടന്നിരുന്നു. ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ച ശ്രീലേഖ ബി ജെ പിയുടെ ഏറ്റവും സ്റ്റാർ കാൻഡിഡേറ്റുകളിൽ ഒരാളായിരുന്നു. പക്ഷേ ഏറെക്കാലമായി ജില്ലയിലെ സംഘടനാ പ്രവർത്തനത്തിൽ സജീവമായ നേതാവാണ് വി വി രാജേഷ്. ബി ജെ പി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ എന്ന നിലയിലടക്കം പ്രവർത്തിച്ചിട്ടുണ്ട് എന്നത് തന്നെയാണ് രാജേഷിന് അവസാനഘട്ടത്തിൽ തലസ്ഥാന മേയർ സ്ഥാനത്തേക്കുള്ള പരിഗണനയിൽ തുണയായതെന്നാണ് വ്യക്തമാകുന്നത്. 101 സീറ്റുകളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ 50 സീറ്റുകളിൽ വിജയം നേടിയാണ് ബി ജെ പി ചരിത്രത്തലാധ്യമായി ഭരണം പിടിച്ചെടുത്തത്.

Related Articles

Back to top button