ചോദ്യക്കടലാസ് ചോർത്തൽ… ഷുഹൈബിന്റെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും…
സ്കൂൾപരീക്ഷാ ചോദ്യക്കടലാസ് ചോർത്തിയ കേസിൽ കീഴടങ്ങിയ മുഖ്യപ്രതി എം.എസ്. സൊലൂഷൻസ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബിന്റെ മൊബൈൽ ഫോൺ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇത് ഫൊറൻസിക് പരിശോധനയ്ക്കായി അയക്കും. ചോദ്യക്കടലാസ് ചോർത്തിയില്ല, പ്രവചനം നടത്തിയിട്ടേയുള്ളൂ എന്ന നിലപാടാണ് ക്രൈംബ്രാഞ്ചിനോട് പ്രതി ആവർത്തിച്ചത്. ഹൈക്കോടതിയിൽ ഹർജിനൽകിയതിനെത്തുടർന്ന് ഷുഹൈബിന്റെ അറസ്റ്റ് നേരത്തേ കോടതി തടഞ്ഞിരുന്നു. എന്നാൽ, ഷുഹൈബിന്റെ പങ്ക് വ്യക്തമാക്കി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനുപിന്നാലെ ഷുഹൈബ് കീഴടങ്ങുകയായിരുന്നു. തുടർന്ന് എസ്.പി. കെ. മൊയ്തീൻകുട്ടി, ഡിവൈ.എസ്.പി. ചന്ദ്രമോഹൻ എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം ചോദ്യംചെയ്തു.
അതേസമയം ബുധനാഴ്ച അറസ്റ്റിലായ സ്‌കൂൾജീവനക്കാരൻ അബ്ദുൾനാസറിന്റെ ജാമ്യാപേക്ഷയിൽ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെള്ളിയാഴ്ച വിധിപറയും. തെളിവ് നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്ന് അസി. പബ്ലിക് പ്രോസിക്യൂട്ടർ ജഫ്രി ജോർജ് വാദിച്ചു. അബ്ദുൾനാസറിനെയും മറ്റുരണ്ട് പ്രതികളെയും കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും.