ചോദ്യപ്പേപ്പർ ഇ-മെയിൽ വഴി നൽകി…ഒൻപതാം ക്ലാസ് പരീക്ഷയിൽ വിവാദം…

തിരുവനന്തപുരം: ഒൻപതാം ക്ലാസ് പരീക്ഷയിൽ അച്ചടിച്ച ചോദ്യക്കടലാസിന് പകരം ഇ-മെയിൽ വഴി ചോദ്യങ്ങൾ നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ഒരു സ്കൂളിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

പരീക്ഷാഹാളിൽ വിദ്യാർത്ഥികൾക്ക് പതിവുപോലെ ചോദ്യപ്പേപ്പർ വിതരണം ചെയ്തിരുന്നില്ല. പകരം, ഇ-മെയിൽ വഴി ലഭിച്ച ചോദ്യങ്ങൾ അധ്യാപകർ വായിച്ചുകൊടുത്തശേഷം വിദ്യാർത്ഥികൾക്ക് ഉത്തരമെഴുതാൻ നിർദേശം നൽകിയതായാണ് വിവരം. ഈ അസാധാരണ സാഹചര്യത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ഒരുപോലെ ആശയക്കുഴപ്പത്തിലായി.

ചോദ്യങ്ങൾ പൂർണ്ണമായിരുന്നില്ലെന്നും മുഴുവൻ മാർക്കിനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ലെന്നും പരാതികൾ ഉയർന്നിട്ടുണ്ട്. സംഭവം പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് ഉയരുന്നത്.

ഇതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിക്ക് വിശദമായ അന്വേഷണം നടത്താൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. സംസ്ഥാനത്തെ മറ്റ് സ്കൂളുകളിലൊന്നിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും പരീക്ഷകൾ സാധാരണ നിലയിൽ നടന്നുവെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button