കോന്നി പാറമട അപകടം..’ഒരാളുടെ കാല് കണ്ടതായി സംശയം, രക്ഷാപ്രവർത്തനം അതീവ ദുഷ്കരം’..
കോന്നി പയനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം എത്തും. 27 എൻഡിആർഎഫ് സംഘം തിരുവല്ലയിൽ നിന്ന് തിരിച്ചതായാണ് വിവരം. ഫയർഫോഴ്സിന്റെ കൂടുതൽ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കെയു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ഹിറ്റാച്ചിക്കുള്ളിൽ രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. പാറയിടിഞ്ഞ് വീണ സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണുള്ളത്. കൊല്ലം, കോട്ടയം ജില്ലകളിലെ കൂടുതൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെക്ക് എത്തും. കുടുങ്ങിക്കിടക്കുന്ന രണ്ട് പേരിൽ ഒരാളുടെ കാല് കണ്ടതായി ഫയർഫോഴ്സ് സംഘം അറിയിച്ചു.
റോപ്പ് റെസ്ക്യൂ ആണ് ലക്ഷ്യമെന്നും അതീവ ദുഷ്‌കരമാണ് രക്ഷാപ്രവർത്തനമെന്നും ഫയർ ഫോഴ്സ് അറിയിച്ചു. ഫയർ ഫോഴ്സ് ന് അടുത്തേക്ക് എത്താൻ കഴിയുന്നില്ല. പാറമടയിൽ മുകളിൽ നിന്ന് കല്ലുകൾ അടർന്നു വീഴുന്നുവെന്ന് ജില്ലാ ഫയർ ഓഫീസർ പ്രതാപചന്ദ്രൻ പറഞ്ഞു.ഫയർ ഫോഴ്സ് സ്പെഷൽ ടാസ്ക് ഫോഴ്സിനോട് തയ്യാറാകൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മാൻ പവർ കൊണ്ട് രക്ഷപ്രവർത്തനം സാധ്യമല്ല. കൂടുതൽ യന്ത്രങ്ങൾ എത്തിക്കണം. നിലവിൽ പാറ അടർന്നു വീഴുന്ന ഭാഗം മുഴുവൻ പൊട്ടിച്ചു മാറ്റണമെന്നും ഓഫീസർ അറിയിച്ചു.