അൻവർ ഇടഞ്ഞ് തന്നെ.. യുഡിഎഫിന് മുന്നിൽ ഉപാധികളുമായി പിവി അൻവർ.. നിയമസഭ തെരഞ്ഞെടുപ്പിൽ….
യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൌക്കത്തിനെ പ്രഖ്യാപിച്ച തോടെ പി.വി.അൻവർ യുഡിഎഫുമായി ഇടയുകയാണ്.തന്റെ എതിർപ്പിനെ അവഗണിച്ച് ആര്യാടൻ ഷൌക്കത്തിനെ തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച യുഡിഎഫിന് മുന്നിൽ, താൻ പിന്തുണക്കണമെങ്കിൽ തന്റെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന ഉപാധി വെച്ചിരിക്കുകയാണ് പിവി അൻവർ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള സീറ്റിലാണ് അൻവറിന്റെ കണ്ണ്. ജയ സാധ്യത ഉള്ള സീറ്റ് വേണമെന്നും ഇക്കാര്യം കോൺഗ്രസുമായി സംസാരിക്കണമെന്നും തന്നെ വന്ന് കണ്ട മുസ്ലീം ലീഗ് നേതാക്കളോട് അൻവർ ആവശ്യപ്പെട്ടുവെന്നാണ് വിവരം.
പരിഗണിക്കാമെന്ന് ലീഗ് നേതൃത്വം ഉറപ്പ് നൽകിയതായാണ് സൂചന. അൻവർ ഇന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തും. യുഡിഎഫ് പ്രവേശനവും സീറ്റ് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. അൻവറിനെ കൂടെ നിർത്താനാണ് ലീഗ് താല്പര്യം. എന്നാൽ ആര്യാടൻ ഷൌക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷവും സ്ഥാനാത്ഥിക്ക് തിരിച്ചടിയാകുന്ന രീതിയിൽ വലിയ ആരോപണങ്ങൾ ഉയർത്തിയ അൻവറിനെ ഉൾക്കൊള്ളുന്നതിൽ കോൺഗ്രസിൽ ഭിന്നത തുടരുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് അൻവറിനെ പിണക്കേണ്ട എന്ന് കോൺഗ്രസിലെ ഒരു വിഭാഗവും പറയുന്നു. പരസ്യമായി സ്ഥാനാർത്ഥിക്കെതിരെ രംഗത്ത് വന്ന അൻവറിനെ ഇനി എങ്ങിനെ സഹകരിപ്പിക്കും എന്നാണ് കോൺഗ്രസ് ചോദിക്കുന്നത്.