നിലമ്പൂർ പിടിയ്ക്കാൻ പി വി ഇറങ്ങുന്നു… തീരുമാനം TMC സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ…
നിലമ്പൂരിൽ നിന്നും പി വി അൻവർ മത്സരിക്കും. തൃണമൂൽ കോൺഗ്രസിൻ്റെ ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് യോഗമാണ് പി വി അൻവറിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. നാളെ ചേരുന്ന സംസ്ഥാന പ്രവർത്തക സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമായിരിക്കും പ്രഖ്യാപനം. യുഡിഎഫ് അവഗണിച്ചുവെന്ന പൊതുവികാരമാണ് തൃണമൂൽ കോൺഗ്രസ് സെക്രട്ടറിയേറ്റിൽ ഉണ്ടായത്. ഇനി യുഡിഎഫ് നേതൃത്വം മുൻകൈ എടുത്ത് ചർച്ച നടത്തി തൃണമൂൽ കോൺഗ്രസിനെ സഖ്യകക്ഷിയാക്കാൻ തീരുമാനിച്ചാൽ മാത്രം മത്സരിക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചാൽ മതിയെന്നാണ് തൃണമൂൽ കോൺഗ്രസിൻ്റെ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.
മത്സരിക്കണോ വേണ്ടയോ എന്ന് നാളത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം തീരുമാനിക്കുമെന്ന് തൃണമൂൽ കോൺഗ്രസിൻ്റെ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ചില ആളുകൾക്ക് ദുഷ്ടമായ ചിന്തകളുണ്ട്. ഇനി ഒരു അബദ്ധത്തിൽ പോയി ചാടരുത് എന്നാണ് ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലെ പൊതു ആലോചന. ഇനി ഒളിച്ചിരുന്നുളള ഒരു ചർച്ചയ്ക്ക് തയ്യാറല്ല. ഇനി കാര്യങ്ങൾ പരസ്യമായി പറയണം. രാഷ്ട്രീയം പൊതുവായതാണല്ലോ. ഇതുവരെയുളള ചർച്ചകൾ സ്വകാര്യതയിലായിരുന്നു. അതൊരു വിശ്വാസത്തിന്റെ പുറത്തായിരുന്നു. ആ വിശ്വാസ്യത നഷ്ടപ്പെട്ടു. ഇനി പൊതുസമൂഹം കൂടി അറിഞ്ഞിട്ടുളള ചർച്ചയ്‌ക്കേ ഉള്ളു എന്നും അൻവർ വ്യക്തമാക്കിയിരുന്നു.
ആര്യാടൻ ഷൗക്കത്ത് പറ്റില്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് കാരണങ്ങളുണ്ടെന്നും അൻവർ വ്യക്തമാക്കി. ആ കാരണങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വിശദീകരിക്കേണ്ടിവരുമെന്നും ഷൗക്കത്തിനെ എംഎൽഎയാക്കാനല്ല താൻ രാജിവെച്ചതെന്നും അൻവർ പറഞ്ഞിരുന്നു. റോഡിലൂടെ പോകുന്നവൻ സ്ഥാനാർത്ഥിയെപ്പറ്റി പറഞ്ഞാൽ അത് തിരുത്തേണ്ടതില്ലല്ലോ? നമ്മൾ അതിന്റെ ഭാഗമാകുമ്പോഴാണല്ലോ എന്തെങ്കിലും വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തേണ്ടത്. ആര്യാടൻ ഷൗക്കത്ത് എന്നല്ല യുഡിഎഫ് നിർത്തുന്ന ഏത് സ്ഥാനാർത്ഥിയെയും പിന്തുണയ്ക്കാമെന്ന് ആയിരം തവണ പറഞ്ഞതല്ലേ. അതിലെന്താണ് ആശയക്കുഴപ്പം? അങ്ങനെ ആശയക്കുഴപ്പമുണ്ടെന്ന് ചില യുഡിഎഫ് നേതാക്കൾ വരുത്തിത്തീർക്കുകയല്ലേ. ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന നരേഷൻ ആരാണ് ഉണ്ടാക്കിയത്. ഏത് ചെകുത്താനാണെങ്കിലും ഞാൻ സമ്മതിക്കുമെന്ന് പറഞ്ഞതല്ലേ. തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കുന്നുണ്ടെങ്കിൽ മാത്രമേ ഇനി സംസാരമുളളുവെന്നും അൻവർ ചൂണ്ടിക്കാണിച്ചു. തൃണമൂലിനെ സഖ്യകക്ഷിയാക്കുന്നതിൽ എന്താണ് കുഴപ്പം? ഒരു കമ്പ്യൂട്ടറും രണ്ട് ആളുകളുമുളള പ്രവാസി അസോസിയേഷൻ അവരുടെ ഘടകകക്ഷിയാണ്. എന്താണ് ഞങ്ങളെ ഘടകകക്ഷിയാക്കാൻ പറ്റാത്തത് എന്നതിന് വിശദീകരണം തരണമെന്നും അൻവർ ആവശ്യപ്പെട്ടു.



