ഇനി ഒറ്റയാള്‍ പോരാട്ടമല്ല.. യുഡിഎഫുമായി കൈകോര്‍ത്ത് കൂട്ടായ പോരാട്ടം.. എന്ത് വീട്ടുവീഴ്ചയ്ക്കും തയ്യാർ…
പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ യുഡിഎഫുമായി കൈകോര്‍ക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇനി ഒറ്റയാള്‍ പോരാട്ടമായിരിക്കില്ല, കൂട്ടായ പോരാട്ടം നടത്താനാണ് തീരുമാനം എന്നും അൻവർ പറഞ്ഞു . അതിനായി എന്ത് വീട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും പി വി അന്‍വര്‍ പറഞ്ഞു. അറസ്റ്റില്‍ പിന്തുണയുമായിഎത്തിയ യുഡിഎഫ് നേതാക്കള്‍ക്ക് പി വി അന്‍വര്‍ നന്ദി പറയുകയും ചെയ്തു. നിലമ്പൂര്‍ ഫോറസ്റ്റ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു അന്‍വറിന്റെ പ്രതികരണം.
ഇന്ന് വൈകിട്ട് എട്ടരയോടെയാണ് അന്‍വര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. അന്‍വറിനെ സ്വീകരിക്കാന്‍ ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കം ജയിലിന് പുറത്ത് കാത്തുനിന്നിരുന്നു. പുറത്തിറങ്ങിയതോടെ മധുരം നല്‍കി പ്രവര്‍ത്തകര്‍ അന്‍വറിനെ സ്വീകരിച്ചു. പൊതുസമൂഹം അടക്കം തനിക്ക് പിന്തുണ നല്‍കിയെന്നും ആദ്യം ദൈവത്തിന് നന്ദി പറയുകയാണെന്നും അന്‍വര്‍ പറഞ്ഞു. മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരന്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ പിന്തുണ നല്‍കി. എല്ലാവര്‍ക്കും നന്ദി പറയുകയാണ്. ജുഡീഷ്യറിയില്‍ നിന്ന് നീതി ലഭിച്ചുവെന്നും അന്‍വര്‍ പറഞ്ഞു