പുത്തൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം 28ന്‌..

അന്താരാഷ്ട്ര നിലവാരത്തിലുള്ള പുത്തൂർ സുവോളജിക്കൽ പാർക്ക് ഒക്ടോബർ 28 ന് മുഖ്യമന്ത്രി പിണറായി വിജയൻ പാർക്ക് ഉദ്ഘാടനം ചെയ്യും. സുവോളജിക്കൽ പാർക്ക് പ്രവർത്തനം തുടങ്ങുന്നതോടെ തൃശൂർ മൃഗശാലയുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കും. തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. സാധാരണ മൃഗശാലകളിൽ നിന്നും വ്യത്യസ്തമായി പ്രത്യേകം ആവാസ വ്യവസ്ഥകൾ ഒരുക്കിയാണ് സുവോളജിക്കൽ പാർക്ക് സജ്ജമാക്കുക. ജനുവരിയോടെ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിന് മുമ്പ് മൃഗങ്ങൾക്ക് അതത് ആവാസ വ്യവസ്ഥയുമായി പൊരുത്തപ്പെടാനാവും.

തൃശൂർ മൃഗശാലയിൽ നിന്നുള്ള മൃഗങ്ങളെ പുത്തൂരിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മാനുകൾ ഒഴികെ സുവോളജിക്കൽ പാർക്കിലെ കൂടുകളിലേക്കുള്ള മുഴുവൻ മൃഗങ്ങളെയുമാണ് ആദ്യഘടത്തിൽ മാറ്റുക. സഫാരി പാർക്കിന്റെ നിർമ്മാണം പൂർത്തിയായാൽ മാനുകളെയും പുത്തൂരിൽ എത്തിക്കും.

തൃശൂർ മൃഗശാലയിലെ സ്ഥിരം ജീവനക്കാരെ മൃഗശാല വകുപ്പിൽ നിന്ന് ധനകാര്യ വകുപ്പിന്റെ അനുമതിയോടെ സുവോളജിക്കൽ പാർക്കിന്റെ കീഴിലേക്ക് മാറ്റി നിയമിക്കാനും യോഗത്തിൽ തീരുമാനമായി. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ വനം, മൃഗശാല വകുപ്പ് ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തിൽ പങ്കെടുത്തു.

Related Articles

Back to top button