പുഷ്പ 2 കണ്ട് ആവേശം മൂത്ത് സ്പ്രേ അടിച്ചു.. കാണികൾക്ക് ദേഹാസ്വാസ്ഥ്യം…
അല്ലു അര്ജുന് നായകനായി എത്തിയ പുഷ്പ 2 പ്രദര്‍ശനത്തിനിടെ സ്പ്രേ അടിച്ച് അജ്ഞാത വ്യക്തി. പിന്നാലെ കാണികള്‍ക്ക് ചുമയും ദേഹാസ്വാസ്ഥ്യവുമുണ്ടായി. മഹാരാഷ്ട്രയിലെ ബാന്ദ്രയിലെ ഗാലക്സി തിയറ്ററിലാണ് സംഭവം നടന്നത്.പുഷ്പ 2 പ്രദര്‍ശനം പുരോഗമിക്കുന്നതിനിടെ ഒരാള്‍ സ്പ്രേ അടിക്കുകയായിരുന്നു. സ്പ്രേ അടിച്ചതിന് പിന്നാലെ കാണികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പരിഭ്രാന്തരായ കാണികള്‍ മുഖം മൂടുകയും ചിലര്‍ പുറത്തേയ്ക്ക് പോകുകയും ചെയ്തു. ഇതോടെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു.
ഇടവേളയ്ക്ക് തൊട്ടുപിന്നാലെയാണ് സംഭവമെന്ന് കാണികളില്‍ ഒരാളായ ദീന് ദയാല്‍ പറഞ്ഞു. ആരോ എന്തോ സ്പ്രേ ചെയ്തു. തൊട്ടുപിന്നാലെ എല്ലാവരും ചുമയ്ക്കുന്നത് കണ്ടു. ചിലര്‍ ഛര്‍ദിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. വാതിലുകള്‍ തുറന്നപ്പോള്‍ മണം പോയെന്നും അതിന് ശേഷം പ്രദര്‍ശനം തുടര്‍ന്നുവെന്നും ദീന് ദയാല്‍ പറഞ്ഞു.