ഇന്ത്യ-പാക്ക് അതിർത്തിക്കു സമീപം രണ്ട് പോലീസുകാരുടെ മൃതദേഹം; കണ്ടെത്തിയത് വെടിയേറ്റ നിലയിൽ

പഞ്ചാബ് പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ ഇന്ത്യ-പാക്ക് അതിർത്തിക്കു സമീപം മരിച്ച നിലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇരുവരെയും വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഗുരുദാസ്പുർ ജില്ലയിലെ അതിർത്തിക്കു സമീപത്തുള്ള ചെക്പോസ്റ്റിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗുർനാം സിങ്, ഹോം ഗാർഡ് അശോക് കുമാർ എന്നിവരാണ് മരിച്ചത്
ഉദ്യോഗസ്ഥരെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം. എന്നാൽ ഉദ്യോഗസ്ഥർ പരസ്പരം വെടിവച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ ഔട്ട്പോസ്റ്റായി പ്രവർത്തിക്കുന്ന മുറിക്കുള്ളിലാണ് പ്രദേശവാസികൾ മൃതദേഹങ്ങൾ കണ്ടത്. തുടർന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.
ഞായറാഴ്ച രാവിലെ രണ്ട് ഉദ്യോഗസ്ഥർക്ക് വെടിയേറ്റതായി വിവരം ലഭിച്ചെന്നാണു ഗുർദാസ്പുർ പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോടു പ്രതികരിച്ചത്. സംഭവത്തിനു പിന്നാലെ അതിർത്തിയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഒട്ടേറെ തവണ ലഹരി വസ്തുക്കളും ആയുധങ്ങളും ഡ്രോണുകൾ മുഖേന എത്തിക്കുന്ന സ്ഥലംകൂടിയാണിത്. ബിഎസ്എഫിനൊപ്പം പഞ്ചാബ് പൊലീസും ഇവിടെ ഔട്ട്പോസ്റ്റുകളിൽ ഡ്യൂട്ടി ചെയ്യാറുണ്ട്. ഇന്ത്യ–പാക്ക് അതിർത്തിയിൽനിന്നും കേവലം 2 കിലോമീറ്റർ അകലെയാണ് ഉദ്യോഗസ്ഥർ മരിച്ച ഔട്ട് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.
അതിനിടെ ഓപ്പറേഷനിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയിൽ ഉൾപ്പെട്ടവരാണ് ഇവർ. രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. ജമ്മു കശ്മീർ പൊലീസ്, സിആർപിഫും സൈന്യത്തിനൊപ്പം ഓപ്പറേഷനിൽ പങ്കെടുത്തു. സ്ഥലത്ത് നിന്നും രണ്ട് എകെ-47 റൈഫിളുകളും വെടിക്കോപ്പുകളും കണ്ടെടുത്തു.




