ബാങ്ക് ജോലി കാത്തിരിക്കുന്നവരാണോ.. എങ്കിൽ ഇതാ സുവർണാവസരം.. 50,000 തൊഴിലുകൾ സൃഷ്ടിക്കാൻ പൊതുമേഖല ബാങ്കുകൾ…
വർധിച്ചുവരുന്ന ബിസിനസ് ആവശ്യകതകളും, വിപുലീകരണവും നിറവേറ്റുന്നതിന്റെ ഭാഗമായി നടപ്പ് സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ ബാങ്കുകൾ ഏകദേശം 50,000 പേരെ പുതിയതായി നിയമിക്കുമെന്ന് റിപ്പോർട്ട്.വിവിധ പൊതുമേഖല ബാങ്കുകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരമാണിത്. പുതിയ നിയമനങ്ങളിൽ ഏകദേശം 21,000 എണ്ണം ഓഫീസർ തസ്തികകൾ ആയിരിക്കും. ബാക്കിയുള്ളവർ ക്ലാർക്കുകൾ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരാകും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ മാത്രം ഈ സാമ്പത്തിക വർഷം 20,000 ത്തോളം സ്പെഷ്യലൈസ്ഡ് ഓഫീസർമാരെ നിയമിച്ചേക്കുമെന്നും റിപ്പോർട്ടുകൾ കൂട്ടിച്ചേർക്കുന്നു.
ബാങ്ക് ശാഖകളിലെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും, തൊഴിൽ ലക്ഷ്യങ്ങൾ നേടുന്നതിനും എസ്ബിഐ ഇതോടകം രാജ്യത്തെ വിവിധ ശാഖകളിൽ ഈ വർഷം ഇതിനകം 505 പ്രൊബേഷണറി ഓഫീസർമാരെയും (പിഒ), 13,455 ജൂനിയർ അസോസിയേറ്റുകളെയും നിയമിച്ചെന്നും റിപ്പോർട്ടുകൾ കൂട്ടിച്ചേർക്കുന്നു. 35 സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള ഒഴിവുകൾ നികത്തുന്നതിന്റെ ഭാഗമായിരുന്നു ജൂനിയർ അസോസിയേറ്റുകളുടെ നിയമനം.
രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് ഈ സാമ്പത്തിക വർഷത്തിൽ 5,500 ജീവനക്കാരെ കൂടി ഉൾക്കൊള്ളാൻ തയ്യാറെടുക്കുന്നുവെന്നാണു വിവരം. 2025 മാർച്ച് വരെ പിഎൻബിയുടെ ആകെ ജീവനക്കാരുടെ എണ്ണം 1,02,746 ആണ്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഈ സാമ്പത്തിക വർഷത്തിൽ ഏകദേശം 4,000 ജീവനക്കാരെ നിയമിച്ചേക്കും
മുകളിൽ പറഞ്ഞ കണക്കുകൾ രാജ്യത്തെ പൊതുമേഖല ബാങ്കുകളുമായി മാത്രം ബന്ധപ്പെട്ടതാണ്. സ്വകാര്യ മേഖല ബാങ്കുകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ, എൻബിഎഫ്സികൾ, സൊസൈറ്റികൾ അടക്കം ഫിനാൻസ് മേഖലയിലെ അവസരങ്ങൾ നീണ്ടുനിവർന്നു കിടക്കുന്നു. ബാങ്ക് ജോലികൾ തേുടന്നവർ അവരുടെ തയ്യാറെടുപ്പുകൾ ശക്തമാക്കേണ്ട സമയമാണിത്.