സംസ്ഥാനത്ത് നാളെ പൊതു അവധി; മൂന്ന് ദിവസം ദുഃഖാചരണം..

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു.സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും, സ്വയം ഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

ജൂലൈ 22 മുതൽ സംസ്ഥാനത്ത് ഒട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കുന്നതാണ്. ഈ ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടേണ്ടതാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇന്ന് വൈകിട്ടോടെ വിഎസിന്റെ മൃതദേഹം പൊതുദർശനത്തിനായി എകെജി പഠന ഗവേഷണ കേന്ദ്രത്തിലെത്തിച്ചു. ഇന്ന് രാത്രി എകെജി പഠന ഗവേഷണ കേന്ദ്രത്തിലെ പൊതുദർശനത്തിന് ശേഷം രാത്രിയോടെ തിരുവനന്തപുരം വേലിക്കകത്തെ വീട്ടിലേക്കു കൊണ്ടുപോകും.

നാളെ രാവിലെ ഒൻപതിന് ദർബാർ ഹാളിലേക്ക് പൊതുദർശനത്തിനായി എത്തിക്കും. ഉച്ചയോടെ ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് വിഎസിന്റെ ഭൗതികദേഹം കൊണ്ടുപോകും. നാളെ രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടിൽ സംസ്‌കാരം നടത്താനാണ് തീരുമാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അറിയിച്ചു.

Related Articles

Back to top button