ആറളത്ത് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവം; ആംബുലൻസ് തടഞ്ഞ് പ്രതിഷേധം

കണ്ണൂരിൽ ആറളത്ത് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. മൃതദേഹവുമായെത്തിയ ആംബുലൻസ് തടഞ്ഞിട്ട് നൂറ് കണക്കിന് പേർ പ്രതിഷേധമുയർത്തി. പത്താം ബ്ലോക്കിലെ 45 കാരനായ അനീഷാണ് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെയാണ് ദാരുണമായ സംഭവം ഉണ്ടായത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും എത്തിയതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. വൈകുന്നേരം ആറ് മണിയോടെയാണ് മൃതദേഹം വഹിച്ച ആംബുലൻസ് വാഹനം ആറളം പത്താം ബ്ലോക്കിലെത്തിയത്. ജില്ലാ കലക്ടർ ഇവിടെയെത്തി നേരിട്ട് ചർച്ച നടത്തണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം. തുടർന്ന് ജില്ലാ കലക്ടറുടെ പ്രതിനിധിയായെത്തിയ എ.ഡി .എം.പ്രതിഷേധക്കാരുമായി ചർച്ച നടത്തി.
കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തുക ആദ്യഘഡു ഉടനെ കൈമാറുമെന്നും വനാതിർത്തിയിൽ ആന മതിൽ നിർമ്മാണം മെയ് 30നകം പൂർത്തിയാക്കുമെന്നും മരിച്ച അനീഷിൻ്റെ ഭാര്യക്ക് ജോലി ,മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ കലക്ടറേറ്റിൽ യോഗം ചേർന്ന് അനുകൂല തീരുമാനം ഉണ്ടാക്കുമെന്നും അധികൃതർ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ഇരിട്ടി സബ് ഡിവിഷനു കീഴിലെ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.
പുനരധിവാസ കുടുംബങ്ങൾ ഏറെ രോഷാകുലരായിരുന്നു. കാട്ടാനകൾക്ക് കൊല്ലാനായി തങ്ങളെ വിട്ട് നൽകിയതിലുള്ള പ്രതിഷേധമാണിതെന്ന് മരണപ്പെട്ടവരുടെ ബന്ധുക്കൾ പറഞ്ഞു. ആദിവാസി സംഘടനാ നേതാക്കളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സ്ഥലത്തെത്തിയിരുന്നു. അതേസമയം ആറളം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ പൊലിഞ്ഞത് 15 ജീവനുകൾ. അധികൃതരുടെ അനാസ്ഥയുടെ ഏറ്റവുമൊടുവിലെ ഇരയാകുകയാണ് ഓരോരുത്തരും.



