തുവാന്നൂരില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും കെ.എസ്.ആര്‍.ടി.സി. ലോ ഫ്‌ളോര്‍ ബസും കൂട്ടിയിടിച്ച് അപകടം

തൃശൂര്‍- കുന്നംകുളം റൂട്ടില്‍ കേച്ചേരിക്കടുത്ത് തുവാന്നൂരില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും കെ.എസ്.ആര്‍.ടി.സി. ലോ ഫ്‌ളോര്‍ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബസ് ഡ്രൈവര്‍മാരടക്കം യാത്രക്കാര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കേച്ചേരി തൂവാനൂര്‍ പാലത്തിനു സമീപത്താണ് അപകടമുണ്ടായത്. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ലോ ഫ്‌ളോര്‍ ബസും കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന വിനോദ് സ്വകാര്യ ലിമിറ്റഡ് സറ്റോപ്പ് ബസും തമ്മില്‍ മുഖാമുഖം കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഇരു ബസുകളിലെയും യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് മറ്റൊരു വാഹനത്തെ അമിത വേഗതയില്‍ മറികടക്കുന്നതിനിടെ എതിരെ വന്നിരുന്ന ലോ ഫ്‌ളോര്‍ ബസിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഇരു ബസുകളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഇലക്‌ട്രോണിക് സംവിധാനം ആകെ തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ പൂര്‍ണമായും ഗതാഗതം തടസപ്പെട്ടു. ബസുകള്‍ റോഡരികിലേക്ക് മാറ്റിയിട്ട ശേഷമാണ് ഗതാഗതം പൂര്‍ണതോതില്‍ പുന:സ്ഥാപിച്ചത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Related Articles

Back to top button