പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ…വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷനിങ് നാളെ…
തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷനിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. മെയ് രണ്ടിനാണ് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മിഷൻ ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാവും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക.
ഇന്ന് വൈകീട്ടോടെ പ്രധാനമന്ത്രിയുടെ എയർ ഇന്ത്യ വൺ വിമാനം വിമാനത്താവളത്തിന്‍റെ ടെക്നിക്കൽ ഏരിയയിൽ ലാൻഡ് ചെയ്യും. ഇന്ന് രാത്രി പ്രധാനമന്ത്രി രാജ്ഭവനിൽ തങ്ങും. നാളെ രാവിലെ സൈനിക ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി തുറമുഖത്തെത്തും. ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി തുറമുഖം കാണും. കമ്മീഷനിങ്ങിനോട് അനുബന്ധിച്ച് എംഎസ് സിയുടെ കൂറ്റൻ കപ്പൽ സെലസ്റ്റീനോ മരെസ്ക എന്ന കപ്പൽ വിഴിഞ്ഞത് എത്തും.