ശ്രീകോവിലിന് മുന്നിൽ മഞ്ഞൾ പൊടി വിതറി..ഇരിങ്ങാലക്കുടയിൽ ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണം മോഷ്ടിച്ചത് മുൻ പൂജാരി…
ഇരിങ്ങാലക്കുടയിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ പൂജാരി പിടിയിൽ. ഇരിങ്ങാലക്കുട വല്ലച്ചിറയിലുള്ള തെട്ടിപറമ്പിൽ ഭഗവതി കുടുംബ ക്ഷേത്രത്തിലെ ശ്രീകോവിലിലെ പ്രതിഷ്ഠയിൽ ധരിപ്പിച്ചിരുന്ന 20 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ തിരുവാഭരണങ്ങൾ മോഷണം പോയ കേസിൽ മുൻ പൂജാരിയായ വയനാട് കൃഷ്ണഗിരി സ്വദേശി പട്ടാശ്ശേരി വീട്ടിൽ ബിപിൻ (35) ആണ് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാസമായിരുന്നു കേസാനപദ്മായ സംഭവം. മോഷണത്തിന് ശേഷം ശ്രീകോവിലിന്റെ വാതിലുകളിലും പടികളിലും പരിസരങ്ങളിലും മഞ്ഞൾ പൊടി വിതറിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.
പുലർച്ചെ ഇപ്പോഴത്തെ പൂജാരി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീകോവിലിന്റെ പൂട്ടു പൊളിക്കാതെ താക്കോൽ ഉപയോഗിച്ചു തുറന്നാണ് മോഷണം നടത്തിയിക്കുന്നതെന്നും ക്ഷേത്രത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് മോഷണം നടത്തിയതെന്ന് മനസിലാക്കുകയായിരുന്നു. തുടർന്ന് ക്ഷേത്രം ജീവനക്കാരെയും പരിസരവാസികളെയും കണ്ട് ചോദിച്ചും മറ്റും അന്വേഷണം നടത്തുകയും ക്ഷേത്രവുമായി ബന്ധപ്പെട്ടവരെല്ലാം പൊലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. നിരീക്ഷണത്തിലാക്കിയവരിൽ മുൻ പൂജാരിയായ ബിപിനും ഉൾപ്പെട്ടിരുന്നു.
ഇയാളെ രഹസ്യമായി നിരീക്ഷിച്ചും മറ്റും നടത്തിയ ശാസ്ത്രിയമായ അന്വേഷണത്തിലാണ് ബിപിൻ തന്നെയാണ് മോഷ്ടാവ് എന്ന് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ബിപിനെ വയനാട് മീനങ്ങാടിയിൽ നിന്ന് മീനങ്ങാടി പൊലീസിന്റെ കൂടി സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചേർപ്പ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.