ഹെൽമെറ്റില്ലാതെ സ്കൂട്ടർ ഓടിച്ചത് സ്ത്രീ… പെറ്റി അടിച്ചത് ബൈക്കുള്ള വൈദികന്…
സ്‌കൂട്ടർ യാത്രക്കാരി ഹെൽമെറ്റ് വെക്കാതെ യാത്ര ചെയ്തതിന് മോട്ടോർ വാഹനവകുപ്പ് 500 രൂപ പിഴ ചുമത്തിയത് ബൈക്ക് ഉടമയായ വൈദികന്. കമ്പംമെട്ട് സെയ്ന്റ് ജോസഫ് ദേവാലയ വികാരിയായ ഫാ.ജിജു ജോർജിനാണ് പെറ്റി ലഭിച്ചത്. നോട്ടീസിൽ, ഹെൽമെറ്റ് വെക്കാതെ യുവതി സ്‌കൂട്ടർ ഓടിച്ചുപോകുന്ന ചിത്രവുമുണ്ട്.
സ്‌കൂട്ടറിന്റെ നമ്പരായി കെ.എൽ.34. എച്ച്.5036 എന്നും ചലാനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വൈദികന്റെ വാഹനം കെ.എൽ. 34 എച്ച്. 5036 നമ്പരിലുള്ള ബൈക്കാണ്. ഉദ്യോഗസ്ഥർക്ക് പിശക് പറ്റിയെന്ന് കാണിച്ചുള്ള പരാതി മന്ത്രി ഗണേഷ് കുമാറിന് വൈദികൻ അയച്ചുകൊടുത്തു.
പ്രശ്‌നം പരിശോധിച്ച് പരിഹരിക്കുമെന്ന് കാട്ടി വൈദികന് മറുപടി ലഭിച്ചെങ്കിലും ഇതുവരെ മോട്ടോർവാഹനവകുപ്പ് നടപടികൾ എടുത്തിട്ടില്ലെന്ന് ഫാ.ജിജു ജോർജ് പറയുന്നു.