നാളികേരത്തിന് വില കുതിക്കുന്നു…. ഉല്‍പ്പാദനം താഴേയ്ക്കും…
നാളികേരത്തിനു വില മുകളിലേക്ക്, ഉല്‍പ്പാദനം താഴേയ്ക്കും. അത്യുല്പാദന ശേഷയുള്ള തൈകള്‍ ആവശ്യത്തിന് കിട്ടാനില്ലെന്നു കര്‍ഷകര്‍. രോഗബാധയേ തുടര്‍ന്നു നടുന്ന തൈകളില്‍ പലതും നശിക്കുന്ന അവസ്ഥയുണ്ട്. മണ്ട ചീയല്‍ മുതല്‍ ചെല്ലികളുടെ ആക്രമണവും നാളികേര കര്‍ഷകര്‍ക്കു തിരിച്ചടിയാണ്.
കൃഷി വകുപ്പിന്റെ തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി നല്ല തൈകളുടെ ലഭ്യതക്കുറവ് മൂലം ഫലപ്രദമല്ല. ഒരുവര്‍ഷം 30 ലക്ഷത്തോളം തൈകള്‍ ആവശ്യമുള്ളപ്പോള്‍ കൃഷി വകുപ്പ്, സി.പി.സി.ആര്.ഐ, കാര്‍ഷിക സര്‍വകലാശാല, നാളികേര വികസന ബോര്‍ഡ് എന്നിവയുടെ നഴ്സറികളില്‍ പത്ത് ലക്ഷം തൈകളാണ് ഉത്പാദിപ്പിക്കുന്നത്.
തൈകളുടെ കുറവുകാരണം കര്‍ഷകര്‍ സ്വകാര്യ നഴ്സറികളെയാണ് ആശ്രയിക്കുന്നത്. കേരഗ്രാമം പദ്ധതിയൊക്കെ സർക്കാർ നടപ്പാക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. തമിഴ്നാട്ടില്‍ 3.23ലക്ഷം ഹെക്ടറിലുണ്ടായിരുന്ന തെങ്ങ് ഇപ്പോള്‍ 4.96 ഹെക്ടറായി വർധിച്ചിട്ടുണ്ട്. വിലയിടിവ്,തേങ്ങ പറിക്കാനുള്ള കൂലിച്ചെലവ്,വളങ്ങളുടെ വില വര്‍ധനവ് എന്നിവയാണു കേരളത്തിലെ കര്‍ഷകരെ അകറ്റിയത്.
കേരളത്തിലേക്കു വെളിച്ചെണ്ണയും കൊപ്രയും പ്രധാനമായും എത്തുന്നതു തമിഴ്നാട്ടില്‍ നിന്നാണ്. വില വർധിച്ചപ്പോൾ നേട്ടം അയൽ സംസ്ഥാനങ്ങളിലെ കർഷകർക്കും ഇടനിലക്കാർക്കും.




